സുപ്രീംകോടതിയുടെ സെറ്റിട്ട് വ്യാജ സിറ്റിംഗ് ഓൺലൈനായി നടത്തി സൈബർ സംഘം തട്ടിയത് വ്യവസായിയുടെ 7 കോടി. ടെക്‌സ്റ്റെൽസ് അതികായനും വർദ്ധമാൻ ഗ്രൂപ്പ് മേധാവിയും പത്മഭൂഷൺ ജേതാവുമായ എസ് പി ഓസ്‌വാൾ (82) ആണ് തട്ടിപ്പിനിരയായത്. ഒൻപതംഗ തട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ലുധിയാന സൈബർ ക്രൈം പൊലീസ് ഗുവാഹത്തിയിൽ അറസ്റ്റ് ചെയ്‌തു. 5.2 കോടി കണ്ടെത്തി വ്യവസായിക്ക് കൈമാറി. രാജ്യം കണ്ട വലിയ ഹൈ പ്രൊഫൈൽ സൈബർ തട്ടിപ്പാണിതെന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പുകാർ വാട്സാപ്പ്, സ്കൈപ് ആപ് വഴിയാണ് വ്യവസായിയെ നിരന്തരം ബന്ധപ്പെട്ടത്. മലേഷ്യയിലേക്ക് 58 വ്യാജ പാസ്‌പോർട്ടുകളും 16 ഡെബിറ്റ് കാർഡുകളും ഓസ്‌വാളിന്റെ ആധാർ ഉപയോഗിച്ച് പാഴ്സൽ അയച്ചെന്നായിരുന്നു സിബിഐ വേഷമിട്ടവരുടെ വാദം. ജെറ്റ് എയർവേസ് മുൻ ചെയർമാൻ നരേഷ് ഗോയൽ അറസ്റ്റിലായ പണം തട്ടിപ്പ് കേസിൽ പങ്കെന്നാണ് വ്യാജ ഇ ഡി ഭീഷണി. നാഷണൽ സീക്രട്ട്സ് ആക്‌ട് പ്രയോഗിച്ച കേസാണ്. ആരോടും വിവരങ്ങൾ പറയരുതെന്നും മുന്നറിയിപ്പ് നൽകി. സ്‌കൈപ് വഴി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡെന്ന് പരിചയപ്പെടുത്തി ഒരാളെത്തി. മുഖം കാണാൻ സാധിച്ചില്ലെന്ന് ഓസ്‌വാൾ പറയുന്നു. സംസാരം കേട്ടു. ഇടയ്‌ക്കിടെ ചുറ്റിക കൊണ്ട് മേശയിൽ അടിച്ചു. ഏഴുകോടി രൂപ സീക്രട്ട് സൂപ്പർവിഷൻ എന്ന രണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ഉത്തരവ്. പ്രതിയെ 24 മണിക്കൂറും നിരീക്ഷണത്തിൽ വയ്‌ക്കാനും നിർദ്ദേശം നൽകി. ഒരു നിയമത്തിലും വ്യവസ്ഥയില്ലാത്ത വെർച്വൽ അറസ്റ്റ് പണം അക്കൗണ്ടിലേക്ക് മാറ്റും വരെ വീഡിയോ നിരീക്ഷണത്തിലാക്കാൻ തട്ടിപ്പ് സംഘം തന്ത്രം മെനഞ്ഞു . സ്കൈപ്പിലെ ക്യാമറ മുഴുവൻ സമയവും ഓൺ ചെയ്‌തിടാൻ വ്യവസായിയോട് നിർദ്ദേശിച്ചു. ഉറങ്ങുമ്പോൾ പോലും ഇതു വേണ്ടിവന്നു. ഫോൺ ചെയ്യുന്നതും മെസേജ് അയയ്ക്കുന്നതും വിലക്കി. മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ രാഹുൽ ഗുപ്‌തയാണെന്നു പറഞ്ഞ ഒരു പ്രതി നീരീക്ഷണവുമായി ബന്ധപ്പെട്ട് 70 ഉപാധികൾ വച്ചു. ആദ്യം ആരോടും ഒന്നും പറഞ്ഞില്ല. പിന്നീട് കളി മാറിയപ്പോൾ വിവരം വിശ്വസ്‌തനായ ജീവനക്കാരനോട് പറയുകയായിരുന്നു.