സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2022–23 വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകൾ പ്രകാരം രണ്ടു മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ അധികമായെത്തി. ഇവരിൽ 44,915 പേർ ഗവ.സ്‌കൂളുകളിലും 75,066 പേർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്. പുതുതായി എത്തിയവരിൽ 24 ശതമാനം കുട്ടികൾ അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് വന്നവരും ശേഷിക്കുന്ന 76 ശതമാനം പേർ മറ്റിതര സിലബസുകളിൽനിന്നും വന്നവരുമാണ്. പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും (32,545) എട്ടാം ക്ലാസിലുമാണ് (28,791) .
ഈ വർഷം ആകെ കുട്ടികളുടെ എണ്ണം മുൻവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ സ്‌കൂളുകളിൽ ഒന്ന്, നാല്, 10 ക്ലാസുകൾ ഒഴികെയും എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്, നാല്, ഏഴ്, 10 ക്ലാസുകൾ ഒഴികെയും എല്ലാ ക്ലാസുകളിലും വർധിച്ചു. ഒന്നാം ക്ലാസിൽ 45,573 കുട്ടികൾ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ആകെ കുട്ടികൾ വർധിച്ചപ്പോഴും രണ്ട് വർഷം മുമ്പും ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞിരുന്നു. തുടർച്ചയായ അഞ്ചാം വർഷമാണ് പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്നത്. കഴിഞ്ഞ വർഷം വരെ 9.34 ലക്ഷം കുട്ടികൾ വർധിച്ചിരുന്നു.
കൂടുതൽ കുട്ടികൾ മലപ്പുറം (20.35 ശതമാനം) ജില്ലയിലും കുറവ് കുട്ടികൾ പത്തനംതിട്ടയിലുമാണ് (2.25ശതമാനം). ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 67 ശതമാനം (21,83,908) പേർ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും 43 ശതമാനം (16,48,487) ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണ്.
പ്ലസ് വണ്‍: ഓൺലൈൻ അപേക്ഷ 11 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ലാസുകളിലെ പ്രവേശനത്തിന് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ 11 മുതൽ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 18.
മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർധിപ്പിച്ചു. നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് നൽകി പോന്ന ബോണസ് പോയിന്റ് ഒഴിവാക്കി. ട്രയൽ അലോട്ട്‌മെന്റ് 21 ന് നടത്തും. ആദ്യ അലോട്ട്‌മെന്റ് 27 നാണ്. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ ഓഗസ്റ്റ് 11 ന് ആയിരിക്കും. ഓഗസ്റ്റ് 17 ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവ് നികത്തും. സെപ്റ്റംബർ 30 ന് പ്രവേശന നടപടി പൂർത്തീകരിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും വിജ്‌ഞാപനം വായിക്കാനും സ്‌കൂളുകളും കോഴ്‌സുകളും മനസിലാക്കാനും വെബ്‌സൈറ്റ്: www.admission.dge@ kerala.gov.in. പ്ലസ് വൺ ആകെ സീറ്റ് 4,18,242 ആണ്.
ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റ് വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് ജയിച്ച മുഴുവൻ കുട്ടികൾക്കും ഹയർ സെക്കൻഡറി പഠനം ഉറപ്പാക്കുന്നതിന് കുട്ടികൾ കൂടുതലുള്ള ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർധിപ്പിച്ചു.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്‌കൂളുകളിലാണ് 30 ശതമാനം മാർജിനൽ സീറ്റ് പ്രവേശന പ്രക്രിയയുടെ തുടക്കത്തിൽതന്നെ വർധിപ്പിച്ചത്. ഈ ജില്ലകളിലെ എയ്‌ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർധിപ്പിച്ചു.
സ്‌കൂളുകൾ ആവശ്യപ്പെട്ടാൽ 10 ശതമാനം സീറ്റുകൾകൂടി വർധിപ്പിച്ച് നൽകും. കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിൽ മുഴുവൻ സർക്കാർ, എയ്ഡഡ് ഹയർസെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റ് വർധിപ്പിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധന ഇല്ല. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലു ബാച്ചുകളും ഉൾപ്പടെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷവും തുടരും.
English Summary: 1.20 lakh children have increased in public schools
You may like this video also