Site iconSite icon Janayugom Online

വര്‍ഷത്തില്‍ 143 ദിവസവും സംസ്ഥാനത്തിന് പുറത്ത്, യാത്രക്കായി മാത്രം ചെലവഴിച്ചത് ഒരു കോടി; ചട്ടങ്ങള്‍ ലംഘിച്ച് ഗവര്‍ണര്‍

arif muhammad khanarif muhammad khan

സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലംഘിച്ചിരിക്കുന്നത്.ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്ത് പോകരുതെന്നാണ് ചട്ടം.എന്നാല്‍ ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ 20 ദിവസവും ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്താണ്.

ഈ വര്‍ഷത്തെ കണക്കെടുത്താല്‍ 143 ദിവസത്തോളം ഗവര്‍ണര്‍ മറ്റു സംസ്ഥാനങ്ങളില്‍ യാത്രയിലായിരുന്നു.2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതമാണ് യാത്രയ്ക്കായി മാറ്റിവെച്ചത്.യാത്രകളില്‍ കൂടുതലും ദല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ക്ഷണിക്കുന്നതിനാലാണ് കേരളത്തിന് പുറത്തേക്ക് നിരന്തരം യാത്ര വേണ്ടിവരുന്നതെന്നാണ് ഗവര്‍ണറുടെ വാദം.

2021ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.2021ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണറുടെ അമിതയാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു അന്ന് ഗവര്‍ണര്‍ വാദിച്ചത്.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022ല്‍ 11.63 ലക്ഷം രൂപയും 2021ല്‍ 5.34 ലക്ഷം രൂപയും ഗവര്‍ണര്‍ ചെലവിട്ടിരുന്നത്.

ആരിഫ് മുഹമ്മദ് ഖാന്‍ ഇടക്കിടെയുള്ള വിമാന യാത്രകള്‍ക്ക് വേണ്ടി ചെലവിടുന്നത് ലക്ഷങ്ങളാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. യാത്രാ ചെലവിനായി ബജറ്റില്‍ അനുവദിച്ച തുകയേക്കാള്‍ ഒമ്പതിരട്ടിയാണ് ഗവര്‍ണര്‍ ചെലവഴിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.കൂടെ യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ ഗവര്‍ണര്‍ വിനിയോഗിക്കുന്നത്. 

ടൂര്‍ എക്സ്പെന്‍സസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണറുടെ യാത്രാചെലവുകള്‍ക്കുള്ള പണം വിനിയോഗിക്കുന്നത്.പി സദാശിവം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ 2019–20 സാമ്പത്തിക വര്‍ഷം 18.47 ലക്ഷം രൂപയായിരുന്നു ഗവര്‍ണറുടെ യാത്രാച്ചെലവ്. നാല് വര്‍ഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രമായി ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയുമാണെന്നാണ് റിപ്പോര്‍ട്ട്.2022 ജൂലൈ അവസാനത്തോടെ തന്നെ ഗവര്‍ണര്‍ക്ക് യാത്രാ ഇനത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചതായാണ് കണക്കുകള്‍. ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച് 1.15 ലക്ഷം മാത്രമാണ് യാത്ര ഇനത്തില്‍ അനുവദിച്ച തുകയില്‍ ബാക്കിയുണ്ടായിരുന്നത്.

ഇതോടെ യാത്രാ ചെലവായി 25 ലക്ഷം രൂപ കൂടി അനുവദിക്കണമെന്ന് ജൂലൈയില്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.20.98 ലക്ഷം രൂപ വിമാന ടിക്കറ്റ് വാങ്ങിയ വകയില്‍ കുടിശ്ശികയുണ്ടെന്നും, 25 ലക്ഷം രൂപ കൂടുതല്‍ അനുവദിക്കണമെന്നുമാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തില്‍ ആവശ്യപ്പെട്ടത്.എന്നാല്‍, പതിവില്‍ നിന്ന് വിപരീതമായി യാത്രാ ഇനത്തില്‍ വലിയ വര്‍ധന വന്നതിനാല്‍ കൂടുതല്‍ പണം സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് 75 ലക്ഷം രൂപ യാത്രാ ഇനത്തില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റില്‍ വീണ്ടും ഗവര്‍ണര്‍ കത്തയച്ചു.

നിരന്തരമായുള്ള കത്തിടപാടുകള്‍ക്കൊടുവില്‍ ആഗസ്റ്റ് 23ന് സര്‍ക്കാര്‍ 75 ലക്ഷം രൂപ കൂടി ഗവര്‍ണറുടെ യാത്രാ ചെലവിനായി അനുവദിക്കുകയായിരുന്നു.മുന്‍കാലങ്ങളില്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് യാത്ര ഇനത്തില്‍ അനുവദിക്കുന്ന തുക പലപ്പോഴും പൂര്‍ണമായി ചെലവഴിക്കാറില്ലായിരുന്നു എന്നാണ് വിവരം.ഉന്നത വിദ്യാഭ്യാസ മേഖലയിലും, ഭരണത്തില്‍ ഇടപെട്ടും തുടങ്ങിയ ശേഷമാണ് ഗവര്‍ണറുടെ ഡല്‍ഹി യാത്രകളില്‍ കാര്യമായ വര്‍ധനയുണ്ടായതെന്നാണ് ആരോപണം

Eng­lish Summary:

1 crore spent on trav­el alone, out­side the state 143 days a year; Gov­er­nor broke the rules

You may also like this video:

Exit mobile version