Site icon Janayugom Online

10 കോടിയുടെ പണവും ആഭരണങ്ങളും കവര്‍ന്നു; ഡല്‍ഹിയില്‍ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റില്‍

10 കോടി രൂപയോളം വില വരുന്ന പണവും ആഭരണങ്ങളും കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരനും ബന്ധുവും അറസ്റ്റില്‍. ഡല്‍ഹിയിലെ പഞ്ചാബി ഭാഗ് ഏരിയയിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മോഹന്‍ കുമാര്‍ (26) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ബന്ധുവിന്റെ പ്രായം സംബന്ധിച്ച്‌ സംശയമുള്ളതിനാല്‍ പരിശോധനയ്ക്കായി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

ജൂലൈ നാലിനാണ് കവര്‍ച്ച നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനും കുടുംബവും യുഎസിലേക്ക് പോയപ്പോള്‍ വീടിന്റെ താക്കോല്‍ ജോലിക്കാരനെ ഏല്‍പ്പിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി ഇയാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്.

ജൂലൈ 18നാണ് കുമാര്‍ വീട്ടില്‍ മോഷണം നടത്തിയതായി മറ്റു ജോലിക്കാരും ബന്ധുക്കളും വീട്ടുടമസ്ഥനെ അറിയിച്ചത്. കാറും പണവും ആഭരണങ്ങളും കവര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വലിയ സ്യൂട്ട്‌കെയ്‌സുകളുമായി മോഹന്‍ കുമാര്‍ വീട്ടുടമയുടെ കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

രമേശ്‌നഗര്‍ മെട്രോ സ്‌റ്റേഷനിലെത്തിയ ശേഷം കാര്‍ അവിടെ ഉപേക്ഷിക്കുകയായിരുന്നു. ബിഹാറിലെത്തിയ പൊലീസ് സംഘം ഇരുവരെയും പിടികൂടി. കവര്‍ച്ച നടത്തിയ ആഭരണങ്ങളും 5,04,900 രൂപയും ഇവരുടെ കയ്യില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള പണവും ആഭരണങ്ങളും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഖന്‍ശ്യാം ബന്‍സാല്‍ പറഞ്ഞു.

Eng­lish summary;10 crores worth jew­el­ery stolen; Domes­tic work­er and rel­a­tive arrest­ed in Delhi

You may also like this video;

Exit mobile version