ആന്ധ്രാപ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും 10 മരണം. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വിജയവാഡയിലും ഗുണ്ടൂരിലും മറ്റ് പ്രദേശങ്ങളിലുമാണ് മരണം സ്ഥിരീകരിച്ചത്. വിജയവാഡ നഗരത്തിൽ നിർത്താതെ പെയ്യുന്ന മഴയുടെ ആഘാതത്തിൽ മുഗൾരാജപുരത്തുണ്ടായ ഉരുൾപൊട്ടലിൽ നിരവധിപേർ മരിച്ചു. ഉരുൾപൊട്ടലിനെത്തുടർന്ന് ദുർഗ്ഗാ ക്ഷേത്രം ഘട്ട് റോഡ് അടച്ചു.
വാറങ്കൽ ജില്ലയിലെ കാസിപേട്ടിന് സമീപം ട്രാക്ക് തകരാറിലായതിനാൽ വിജയവാഡയിൽ നിന്നും ഗുണ്ടൂരിൽ നിന്നും സെക്കന്തരാബാദിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. പലയിടത്തും റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. വിജയവാഡയിലെ റോഡുകൾ കനാലുകളായി മാറിയതിനാൽ പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടയിലെ റെക്കോർഡ് മഴയാണ് വിജയവാഡയിൽ പെയ്തത്.