പശ്ചിമേഷ്യന്‍ യുദ്ധഭീതിയില്‍ ഇന്ത്യന്‍ ഓഹരിവിപണികള്‍ തകര്‍ന്നടിഞ്ഞു. ഒരു ദിവസംകൊണ്ട് മാത്രം നിക്ഷേപകര്‍ക്ക് 10 ലക്ഷം കോടി നഷ്ടമായി.
സെൻസെക്സ് 1,769.19 പോയിന്റ് നഷ്ടത്തിൽ 82,497.10 ലും നിഫ്റ്റി 546.80 പോയിന്റ് താഴ്ന്ന് 25,250.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ സൂചികകളിലെല്ലാം തകര്‍ച്ച നേരിട്ടു. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ധന, ഊഹക്കച്ചവടക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സെബി തീരുമാനം തുടങ്ങിയ ഘടകങ്ങളും വിപണി തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. വിദേശനിക്ഷേപകരുടെ വില്പന സമ്മര്‍ദവും ചൈനീസ് വിപണിയിലേക്ക് ആഗോള നിക്ഷേപകർ കൂടുതല്‍ താല്പര്യം കാട്ടിയതും ഇന്ത്യന്‍ ഓഹരിവിപണികള്‍ക്ക് തിരിച്ചടിയായി.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 464.3 ലക്ഷം കോടിയായി താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ‌്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ ആന്റ് ടി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് സെന്‍സെക്സ് ഓഹരികളില്‍ പ്രധാനമായും തകര്‍ച്ച നേരിട്ടത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഐഒസി, ജിഎസ‌്പിഎല്‍ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. നിഫ്റ്റി ഓയില്‍ ആന്റ് ഗ്യാസ് സൂചിക 1.2 ശതമാനത്തിലധികം ഇടിവ് നേരിട്ടു.