Site iconSite icon Janayugom Online

അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടിപ്പ്; പ്രതികളായ ദമ്പതികൾ പിടിയിൽ

സ്കൂളിൽ അധ്യാപികയായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. വലപ്പാട് സ്വദേശികളായ വാഴൂർ വീട്ടിൽ പ്രവീൺ (56), രേഖ (45) എന്നിവരെയാണ് കയ്പ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം പാലോട് നന്ദിയോട് അഞ്ജു നിലയത്തിൽ ആര്യാ മോഹൻ (31) ആണ് തട്ടിപ്പിനിരയായത്. കെഎഎം യു പി സ്കൂളിലെ എൽ പി വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ടെന്ന് കാണിച്ച് പ്രതികൾ പത്രപരസ്യം നൽകിയിരുന്നു. ഇത് കണ്ട് എത്തിയ ആര്യയെ ഇന്റർവ്യൂ നടത്തി. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 2023 നവംബർ 6‑ന് 10 ലക്ഷം രൂപ വാങ്ങപകയായിരുന്നു. സ്കൂളിൽ ഒഴിവില്ലാതിരുന്നിട്ടും പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി മൂന്നു മാസം സ്കൂളിൽ ജോലി ചെയ്യിപ്പിച്ച ശേഷംപിരിച്ചുവിട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ആര്യ പോലീസിൽ പരാതി നൽകി. 

പ്രവീൺ, രേഖ എന്നിവർ കയ്പമംഗലം, വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി പത്ത് തട്ടിപ്പു കേസുകളിൽ പ്രതികളാണ്. കൂടാതെ പ്രവീൺ കയ്പമംഗലം പോലീസ് സ്റ്റേഷനിൽ സ്ത്രീക്ക് മാനഹാനി വരുത്തിയ ഒരു കേസിലും പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഋഷി പ്രസാദ് ടി വി, ജി എസ് ഐ മണികണ്ഠൻ, ജി എ എസ് ഐ വിപിൻ, പ്രിയ, സി പി ഒ മാരായ ഡെൻസ് മോൻ, ദിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version