Site iconSite icon Janayugom Online

പൊലീസ് എഴുതിതള്ളിയ വാഹനാപകട മരണ കേസില്‍ പൊതുപ്രവർത്തകന്റെ കുടുംബത്തിന് പത്തു ലക്ഷം നഷ്ടപരിഹാരം

പൊലീസ് എഴുതിതള്ളിയ വാഹനാപകട മരണ കേസിൽ പൊതുപ്രവർത്തകന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം. വൈക്കം കല്ലറ സൗത്ത് മാണിയ്ക്കാം തറയിൽ വീട്ടിൽ പൊതുപ്രവർത്തകനായിരുന്ന പൊന്നപ്പൻ(65) മരണപ്പെട്ടതിന്റെ വാഹനാപകട നഷ്ടപരിഹാരകേസിൽ പൊന്നപ്പന്റെ അവകാശികൾക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷണൽ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജ് പി മോഹനകൃഷ്ണൻ ഉത്തരവായി. 

2019 ഒക്ടോബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പകൽ പതിനൊന്നു മണിയോടെ കാഞ്ഞിരമറ്റം — പുത്തൻകാവ് റോഡില്‍ യാത്ര ചെയ്യുന്ന സമയം പൊന്നപ്പൻ ഓടിച്ച മോട്ടോർ ബൈക്കും എതിർ ദിശയിൽ വന്ന പിക്കപ്പ് വാനും കൂടി കൂട്ടിയിടിച്ചായിരുന്നു അപകടം. പൊന്നപ്പന്റെ ബൈക്ക് പിക്കപ്പ് വാനിൽ ചെന്ന് ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് ആരോപിച്ച് മുളന്തുരുത്തി പൊലീസ് കേസ് എഴുതി തള്ളുകയായിരുന്നു. തുടർന്ന് കോട്ടയം മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിൽ പൊന്നപ്പന്റെ അവകാശികൾ നഷ്ടപരിഹാരത്തിനായി നൽകിയ കേസിൽ പൊന്നപ്പന്റെ മരണം പിക്കപ്പ് വാനിന്റെ ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും മൂലമാണെന്നു കണ്ടെത്തി ട്രിബ്യൂണൽ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. പിക്ക് അപ്പ് വാനിന്റെ ഇൻഷ്വറൻസ് കമ്പനിയാണ് അവകാശികൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. പൊന്നപ്പന്റെ അവകാശികൾക്കു വേണ്ടി അഡ്വ. പി രാജീവ് ട്രിബ്യൂണലിൽ ഹാജരായി.

Exit mobile version