Site icon Janayugom Online

10 ദശലക്ഷം പെൺകുട്ടികൾ പഠനം നിർത്തിയേക്കും

കോവിഡ് ആരോഗ്യ അടിയന്തരാവസ്ഥയും അതിന്റെഫലമായ സാമ്പത്തിക പ്രതിസന്ധിയും കാരണം രാജ്യത്ത് ദശലക്ഷക്കണക്കിന് കുട്ടികൾ വിദ്യാഭ്യാസം നിർത്തിയതായി പഠനങ്ങൾ.

കൊറോണ വ്യാപനം തടയുന്നതിനായി 2020 മാർച്ചിൽ രാജ്യത്തെ സ്കൂളുകൾ അടച്ചു. ഇത് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നറിയാൻ നടത്തിയ ഒരു സർവേയിൽ, ഗ്രാമപ്രദേശങ്ങളിൽ എട്ടു ശതമാനം പേർ മാത്രമാണ് കൃത്യമായി ഓൺലൈനിൽ പഠിക്കുന്നതെന്നും 37 ശതമാനം പേർ തീരെ പഠിക്കുന്നില്ലെന്നും പകുതിയോളം പേരിൽ ശരിയായ പഠനം നടക്കുന്നില്ലെന്നും കണ്ടെത്തി.

യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷന്റെ കണക്കനുസരിച്ച് രാജ്യവ്യാപകമായി രണ്ടു വർഷത്തിനിടെ സെക്കൻഡറി സ്കൂൾ തലത്തിൽ കൊഴിഞ്ഞുപോയവരുടെ എണ്ണം 17ശതമാനമാണ്. പലയിടത്തും ഇതുവരെ സ്കൂളിൽ ചേരാത്ത കുട്ടികളുമുണ്ടെന്ന് ഫൗണ്ടേഷന്റെ സിഇഒ രുക്മിണി ബാനർജി പറഞ്ഞു.

സ്കൂൾ അടഞ്ഞത് പെൺകുട്ടികളെയാണ് കൂടുതൽ ബാധിച്ചത്. നാഷണൽ റൈറ്റ് ടു എജ്യുക്കേഷൻ ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം 10 ദശലക്ഷം പെൺകുട്ടികൾ സെക്കൻഡറി സ്കൂളിൽ നിന്ന് കൊഴിഞ്ഞു പോകാനിടയുണ്ട്. നേരത്തെയുള്ള വിവാഹം, നേരത്തെയുള്ള ഗർഭധാരണം, ദാരിദ്ര്യം, മനുഷ്യക്കടത്ത്, അക്രമം എന്നിവയും ആനുപാതികമായി പെൺകുട്ടികളെ ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

യുനെസ്കോയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്കൂൾ അടച്ചുപൂട്ടലായിരുന്നു ഇന്ത്യയിൽ. ക്ലാസുകൾ ഓൺലൈനായി മാറ്റിയെങ്കിലും, ഡിജിറ്റൽ ഉപകരണങ്ങളും ഇൻറർനെറ്റും ലഭ്യമല്ലാത്തതിനാൽ ദരിദ്ര കുടുംബങ്ങളിലെ ദശലക്ഷക്കണക്കിന് കുട്ടികൾ ബുദ്ധിമുട്ടിലായി. കോവിഡിന് മുമ്പു് സാധാരണ സ്കൂളുകളിൽ പോയിരുന്ന ചേരികളിലെ കുട്ടികൾക്ക് ഓൺലൈനിൽ പഠിക്കാൻ ആവശ്യമായ ഫോണുകളോ മറ്റ് ഉപകരണങ്ങളോ വാങ്ങാൻ കഴിയാത്തത്ര ദരിദ്രരാണ് കുടുംബങ്ങൾ. അതോടെ കഴിഞ്ഞ രണ്ട് വർഷമായി കുട്ടികൾ സ്കൂൾ ഉപേക്ഷിച്ചു.

Eng­lish Sum­ma­ry: 10 mil­lion girls may drop out of school

You may like this video also

Exit mobile version