Site iconSite icon Janayugom Online

വനിതാ വികസന കോർപറേഷന് 100 കോടിയുടെ അധിക ഗ്യാരന്റി

KWDCKWDC

കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് 100 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി ലഭ്യമായതായി ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നു വായ്പ സ്വീകരിക്കുന്നതിനാണ് അധികമായി സർക്കാർ ഗ്യാരന്റി അനുവദിക്കാൻ ഇക്കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയത്. ഇതോടെ 845.56 കോടി രൂപയുടെ സർക്കാർ ഗ്യാരന്റിയാണ് കോർപറേഷന് ലഭിക്കുന്നത്. ഇത് കോർപറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കും. 

നടപ്പ് സാമ്പത്തിക വർഷത്തിൽ 200 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യാനാണ് വനിതാ വികസന കോർപറേഷൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാളും 4000 ത്തോളം സ്ത്രീകൾക്ക് അധികമായി സ്വയം തൊഴിൽ വായ്പ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
2021–22 സാമ്പത്തിക വർഷത്തിൽ 11,766 സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങള്‍ക്ക് 165.05 കോടി രൂപ വിതരണം ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 7,115 വനിതകൾക്ക് 109 കോടി രൂപ വിതരണം ചെയ്തു. ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ വനിതാ വികസന കോർപറേഷന് കഴിഞ്ഞിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണിതെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: 100 crore addi­tion­al guar­an­tee to Women Devel­op­ment Corporation

You may also like this video

Exit mobile version