രാജ്യത്ത് രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഈ വര്‍ഷം മാര്‍ച്ച് മാസം വരെ 100 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ ഇത് 11 കോടി മാത്രമായിരുന്നുവെന്ന് ബിസിനസ് സ്റ്റാൻഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍, അംഗങ്ങള്‍, എംപിമാര്‍ എന്നിവരുടെ പരസ്യങ്ങളെയാണ് രാഷ്ട്രീയ പരസ്യങ്ങളായി കണക്കാക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. ബിജെപിയാണ് കൂടുതല്‍ തുക ചെലവഴിച്ചിരിക്കുന്നത്. 30.9 കോടിയാണ് ആദ്യ മൂന്നു മാസം പിന്നിടും മുമ്പ് ബിജെപി പരസ്യത്തിനായി ചെലവാക്കിയത്. കോണ്‍ഗ്രസ് 18.8 ലക്ഷം രൂപ മാത്രമാണ് ചെലവിട്ടത്.
രാഷ്ട്രീയ പരസ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്. തൊട്ടുപിന്നില്‍ ഒഡിഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിള്‍ രാഷ്ട്രീയ പരസ്യത്തിനായി കൂടുതല്‍ തുക ചെലവഴിച്ചത് വീഡിയോ പരസ്യങ്ങള്‍ക്കാണ്. 86.4 ശതമാനം തുകയാണ് വീഡിയോ പരസ്യങ്ങള്‍ക്ക് ചെലവിട്ടിരിക്കുന്നത്. ചിത്രങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് 13.6 ശതമാനം ചെലവിട്ടതായും റിപ്പോര്‍ട്ട് പറയുന്നു.
2019 മുതലാണ് ഗൂഗിള്‍ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്. ഇതാദ്യമായാണ് രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇത്രയേറെ തുക ചെലവഴിക്കപ്പെടുന്നതെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.
English Summary: 100 crore spent on political advertisements; BJP spent 31 crores in three months
You may also like this video