Site iconSite icon Janayugom Online

ഡോളറിനെതിരെ നീങ്ങിയാല്‍ നൂറ് ശതമാനം നികുതി

ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി. പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളർ ഇതര കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 

പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതി. എന്നാൽ ഇതിന് തടയിടുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് പേ എന്ന പേരില്‍ സ്വന്തം പേയ്‌മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കണമെന്നായിരുന്നു റഷ്യയുടെ ആവശ്യം. എന്നാൽ യുഎസ് ഡോളറല്ലാതെ മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ 100 ശതമാനം നികുതി നല്‍കാന്‍ അവര്‍ തയാറാകണമെന്നും പിന്നീട് അവര്‍ക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയില്‍ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. 

ഇന്ത്യ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, എന്നീ സമ്പദ്‌വ്യവസ്ഥകൾ ഒരുമിച്ച് ഒരു കറന്‍സി രൂപീകരിച്ചാല്‍ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്നാണ് ബ്രിക്‌സ് സാമ്പത്തിക വിദഗ്ധർ കരുതിയിരുന്നത്. ഇന്ത്യക്ക് യുഎസുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് ഉള്ളത്. അതിനാൽ കരുതലോടെയാകും ഈ വിഷയത്തിൽ ഇന്ത്യ നിലപാട് സ്വീകരിക്കുക. ഓരോ രാജ്യവും അതത് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം വര്‍ധിപ്പിക്കാന്‍ സ്വയം ശ്രമിക്കണമെന്നാണ് ഇന്ത്യൻ നിലപാട്.

ഇന്ത്യന്‍ രൂപയിലുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കം ആര്‍ബിഐയും ധനമന്ത്രാലയവും നടത്തിവരികയാണ്. ഇതിനിടെയാണ് ട്രംപ് കടുത്ത നിലപാട് അറിയിച്ചിരിക്കുന്നത്.

Exit mobile version