ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ച റഷ്യ‑ഉക്രെയ‍്ന്‍ യുദ്ധം 1000 ദിവസം പിന്നിട്ടു. മനുഷ്യര്‍ തമ്മിലുള്ള പോരാട്ടത്തിനപ്പുറം ആധുനിക യുദ്ധം എന്നത് സാങ്കേതിക വിദ്യകളുടെ ഏറ്റുമുട്ടലാണെന്നാണ് ഉക്രെയ്‍ന്‍ യുദ്ധം മാനവരാശിയെ പഠിപ്പിച്ചത്. നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയാണ് ഇരുപക്ഷവും യുദ്ധക്കളത്തില്‍ മുന്നേറുന്നത്. റോബോട്ടുകളുടെ യുദ്ധമെന്ന് റഷ്യ- ഉക്രെയ‍്ന്‍ സംഘര്‍ഷത്തെ പുനര്‍നിര്‍വചിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ സെെനിക ശേഷിയെ പ്രതിരോധിക്കാന്‍ അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും പരീക്ഷിക്കാനും പ്രയോഗിക്കാനുമാണ് ഉക്രെയ‍്ന്‍ ശ്രമിക്കുന്നത്.
ഉക്രെയ‍്നിലെ പ്രതിരോധ ഉല്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800ലധികം കമ്പനികളില്‍ ഭൂരിഭാഗവും 2022ല്‍ യുദ്ധം ആരംഭിച്ചതിനുശേഷം സ്ഥാപിതമായതാണ്. ഡ്രോണുകൾ ഉൾപ്പെടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന യുദ്ധസാഹചര്യം മുന്നില്‍ക്കണ്ടാണ് മിക്കവയും ആരംഭിച്ചത്. ഇപ്പോൾ ലോകത്തില്‍ ഏറ്റവും വേഗത്തിൽ നവീകരിക്കുന്ന മേഖലയാണ് ഉക്രെയ‍്ന്‍ സൈനിക വ്യവസായം.
ഉക്രെയ്‌നും റഷ്യയും ഈ വർഷം ഏകദേശം 1.5 ദശലക്ഷം ഡ്രോണുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. പോരാട്ടത്തിന്റെ ആദ്യ നാളുകളില്‍ റഷ്യയുടെ മുന്നേറ്റം തടയാന്‍ ഉക്രെയ‍്ന്‍ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. സിഗ്നലുകളെ തടയുകയും ഡ്രോണുകൾക്കുള്ളിലെ കമ്പ്യൂട്ടർ സംവിധാനങ്ങളെ തടസപ്പെടുത്തുകയും ചെയ്തായിരുന്നു ഉക്രെയ‍്ന്‍ ഇലക്ട്രോണിക് യുദ്ധം നടത്തിയത്. റഷ്യയുടെ ഡ്രോൺ സംബന്ധമായ ഓൺലൈൻ ചാറ്റുകൾ നിരീക്ഷിച്ചാണ് തടസപ്പെടുത്തേണ്ട സിഗ്നലുകളുടെ ആവൃത്തി നിശ്ചയിക്കുന്നത്.
കിടങ്ങുകളിൽ വിന്യസിച്ചിരിക്കുന്ന കാലാൾപ്പടയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു റിമോട്ട് പോയിന്റില്‍ നിന്ന് യുദ്ധം നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയാണ് നിലവില്‍ അവലംബിക്കുന്നത്. ഇത് സെെനികര്‍ കൊല്ലപ്പെടാനുള്ള സാധ്യതയും കുറയ്ക്കുന്നു. ഉക്രെയ്‌നിൽ ഇപ്പോൾ 160ലധികം കമ്പനികൾ റിമോട്ട് നിയന്ത്രിത യുദ്ധവാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. സാധനങ്ങൾ എത്തിക്കുന്നതിനും പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനും ദുരസ്ഥലങ്ങളിലേക്ക് ചെറിയ ആയുധങ്ങള്‍ കൊണ്ടുപോകുന്നതിനും അവ ഉപയോഗിക്കാം.
ഷെല്ലുകൾ, മിസൈലുകൾ, വ്യോമ പ്രതിരോധങ്ങൾ എന്നിവയ്ക്കായി പാശ്ചാത്യ സഖ്യകക്ഷികളെ ആശ്രയിക്കുന്നുണ്ടെങ്കിലും പ്രതിരോധ ഉല്പാദനം നവീകരിക്കുന്നതിനായി 1.5 ബില്യൺ ഡോളറാണ് ചെലവഴിച്ചത്. ഇതിലെല്ലാമുപരി അധിനിവേശം മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് നൂതന പ്രതിരോധ മേഖല ഒരു പുതിയ അടിത്തറ നൽകുമെന്നും ഉക്രെയ്ൻ പ്രതീക്ഷിക്കുന്നു.