Site iconSite icon Janayugom Online

സംസ്ഥാനത്ത് കുടുംബശ്രീയുടെ 1070 വിഷു ചന്തകൾ

കേരളീയർക്ക് വിഷു സദ്യയൊരുക്കാൻ സംസ്ഥാനമൊട്ടാകെ 1070 കുടുംബശ്രീ സിഡിഎസുകളിലും വിഷു ചന്തകൾ സജീവമായി. മിതമായ വിലയിൽ ഗുണമേന്മയുള്ള പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഈ മാസം 12 നാണ് വിഷു ചന്തകൾ ആരംഭിച്ചത്. കുടുംബശ്രീയുടെ കീഴിലുള്ള 89,809 വനിതാ കർഷക സംഘങ്ങൾ ജൈവകൃഷി രീതിയിൽ ഉല്പാദിപ്പിച്ച പച്ചക്കറികളും കൂടാതെ സൂക്ഷ്മസംരംഭകരുടെ ഉല്പന്നങ്ങളും വില്പനയ്ക്കെത്തിയിട്ടുണ്ട്.
കണിയൊരുക്കുന്നതിനുള്ള വെള്ളരി മുതൽ പാവയ്ക്ക, ചീര, വഴുതന, പച്ചമുളക്, മത്തങ്ങ, പയർ, കാന്താരി, മുരിങ്ങക്കായ് തുടങ്ങിയ പച്ചക്കറികളും വൈവിധ്യമാർന്ന ഉപ്പേരികൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ എന്നിവയും കുടുംബശ്രീ വിപണിയിൽ ലഭ്യമാണ്. ഇതോടൊപ്പം സൂക്ഷ്മസംരംഭകർ തയ്യാറാക്കുന്ന വിവിധ മൂല്യവർധിത ഉല്പന്നങ്ങളും ലഭിക്കും. 

വിഷു വിപണിയിൽ ഉല്പന്നങ്ങളെത്തിക്കുന്നതിനുള്ള ചുമതല അതത് സിഡിഎസുകൾക്കായിരിക്കും. മേളയുടെ സുരക്ഷിതത്വം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഇവരുടെ നേതൃത്വത്തിലായിരിക്കും. മേളയിൽ എത്തുന്ന ഉല്പന്നങ്ങളുടെ അളവ്, കർഷകരുടെയും സംരംഭകരുടെയും പങ്കാളിത്തം എന്നിവ കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 15 വരെയാണ് കുടുംബശ്രീ വിഷു ചന്തകൾ. 

Eng­lish sum­ma­ry: 1070 Vishu Chan­tas of Kudum­bashree in the state

You may also like this video

Exit mobile version