തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. നിരക്ക് 6.50 ശതമാനത്തില്‍ തുടരുമെന്ന് ആർബിഐ അറിയിച്ചു. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാലും എണ്ണ വില, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവയും കണക്കിലെടുത്തുമാണ് തീരുമാനം.
2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. അന്നാണ് റിപ്പോ നിരക്ക് 6.25ല്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയത്. ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിയായ നാല് ശതമാനത്തിനുള്ളിൽ ആണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം അതിന് മുകളിൽ 5.65 ശതമാനമായി തുടരുകയാണ്.
2025 സാമ്പത്തിക വർഷത്തെ ജിഡിപി പ്രവചനം 7.2 ശതമാനം എന്ന നിലയിലും, പണപ്പെരുപ്പം സംബന്ധിച്ച അനുമാനം 4.5 ശതമാനം എന്ന തോതിലും തുടരും. സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) 6.25 ശതമാനം എന്ന നിലയിലും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി(എംഎസ്എഫ്)/ബാങ്ക് നിരക്കുകൾ 6.75 ശതമാനം എന്നീ നിലകളിലും മാറ്റമില്ലാതെ നില നിർത്തിയിട്ടുണ്ട്.
യുപിഐ പരിധികളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഐ123പേ ഇടപാട് പരിധി 5,000ൽ നിന്ന് 10,000 രൂപയാക്കി. യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന തുകയുടെ പരിധി 2,000ൽ നിന്ന് 5,000 രൂപയായി ഉയർത്തി. ഒറ്റ ഇടപാടിന്റെ പരിധി 1,000 രൂപയാക്കി. നെഫ്റ്റ്, ആർജിടിഎസ് വഴിയുള്ള പണമിടപാടുകളിൽ ഗുണഭോക്താവിന്റെ പേര് ഉപയോക്താവിന് കാണാൻ കഴിയുന്ന രീതി ഉടനെ നടപ്പാക്കും. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വളർച്ചക്കായി മാനദണ്ഡങ്ങൾ അവഗണിക്കുന്ന രീതി തടയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.