ജോര്‍ജിയയിലെ റസ്റ്റോറന്റില്‍ 12 ഇന്ത്യാക്കാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഗുഡൗരിയിലെ റിസോര്‍ട്ടിലാണ് സംഭവം. തിബിലിസിയിലെ ഇന്ത്യന്‍ മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതിന്റെ സൂചനകള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജോര്‍ജിയന്‍ ആഭ്യന്തരമന്ത്രി അറിയിച്ചു.
കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാകാം അപകടകാരണമെന്നാണ് നിഗമനം. എന്നാല്‍ 11 ഇന്ത്യാക്കാരും ഒരു പൗരനും മരിച്ചുവെന്നാണ് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചവരെല്ലാം. ജോലി ചെയ്യുന്ന റസ്റ്റോറന്റിന്റെ രണ്ടാം നിലയിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമായിരിക്കും യഥാര്‍ത്ഥ മരണകാരണം പുറത്തുവിടുക. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് ഇന്ത്യന്‍ മിഷന്‍ അറിയിച്ചു.