ജമ്മു കശ്മീരിലെ അന്തിമ വോട്ടർ പട്ടികയില്‍ 11 ലക്ഷത്തിലധികം പുതിയ വോട്ടർമാര്‍. സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന എണ്ണമാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പുതിയ വോട്ടർ പട്ടികയിൽ മൊത്തം 83,59,771 വോട്ടർമാരാണുള്ളത്. 2019 ല്‍ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് വോട്ടർപട്ടിക പുനഃപരിശോധിക്കുന്നത്. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു നേരത്തെ വോട്ടവകാശം ഉണ്ടായിരുന്നത്.
പുറമേ നിന്ന് വന്ന് ജോലി ചെയ്യുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. കശ്മീരിന്റെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് വോട്ടർപട്ടിക പരിഷ്‌കരണമെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രത്തിന്റെ ‘കൊളോണിയൽ കുടിയേറ്റ പദ്ധതി‘യിലേക്കുള്ള ചുവടുവയ്പാണ് ഈ നീക്കമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.