Site iconSite icon Janayugom Online

കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 11 ശ്രീലങ്കന്‍ സ്വദേശികള്‍ കൊല്ലത്ത് പിടിയില്‍

തമിഴ്‌നാട് ക്യു ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 11 ശ്രീലങ്കൻ സ്വദേശികളെ കൊല്ലത്തു നിന്നു പിടികൂടി. ഇതിൽ ഒമ്പത് പേർ തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മാസം 19ന് ശ്രീലങ്കയിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി ടൂറിസ്റ്റ് വിസയിൽ എത്തിയ ട്രിങ്കോമാലി സ്വദേശികളായ ആന്റണി കേശവൻ, പവിത്രൻ എന്നീ രണ്ടു പേരെക്കുറിച്ച് നടത്തിയ അന്വേഷണമാണ് മറ്റ് ഒമ്പത് പേരെക്കൂടി പൊലീസ് പിടികൂടുന്നതിലേക്ക് എത്തിയത്. തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലത്ത് നിന്ന് ബോട്ട് മാർഗം കാനഡയിലേക്ക് കടക്കാനായി കൂടുതൽ പേർ കൊല്ലത്ത് എത്തിയതായി സൂചനയുണ്ട്. കൊല്ലത്ത് നിന്ന് ആരുടെ ബോട്ടിലാണ് ഇവർ കടക്കാൻ ശ്രമിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ശ്രീലങ്കയിലെ ലക്ഷ്മണൻ എന്നയാളാണ് ഇവരുടെ ഏജന്റെന്നും കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മണന്റെ കൊല്ലത്തെ കൂട്ടാളികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പിടിയിലായവര്‍ തൃശിനാപ്പള്ളി, ചെന്നൈ, മണ്ഡപം അഭയാര്‍ത്ഥി ക്യാമ്പിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം ശ്രീലങ്കൻ അഭയാർത്ഥികളുമായി കൊല്ലത്ത് നിന്ന് കാനഡയിലേക്ക് പോയ മത്സ്യബന്ധന ബോട്ട് അമേരിക്കൻ സേന പിടികൂടിയിരുന്നു. ശ്രീലങ്കക്കാർ പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്താണോയെന്ന കാര്യം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു. ഇവർക്ക് പിന്നിൽ വലിയ സംഘമുണ്ടെന്നും കസ്റ്റഡിയിലുള്ളവരെ സഹായിക്കുന്നവർ കൊല്ലത്തുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും മെറിൻ ജോസഫ് പറഞ്ഞു. തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘവും പിടിയിലായവരെ ചോദ്യം ചെയ്തു വരുന്നു. ചെന്നൈയിൽ നിന്ന് കാണാതായവർക്ക് വേണ്ടി തമിഴ്‌നാട് ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മിഷണർമാർക്കും ഇത് സംബന്ധിച്ച് വിവരം കൈമാറിയിരുന്നു.

Eng­lish Sum­ma­ry: 11 Sri Lankans arrest­ed while try­ing to enter Canada
You may also like this video

Exit mobile version