Site iconSite icon Janayugom Online

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി: മുഖ്യമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കിയാലിന് ( KIAL) കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഘട്ടമായി 804.37 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും കെകെ ശൈലജ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പ്പെട്ട 21.81 ഹെക്ടര്‍ ഭൂമി ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കിന്‍ഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പ്പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.

പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കേണ്ട മറ്റു വില്ലേജു കളില്‍പ്പെട്ട ഭൂമിയുടെ സര്‍വ്വെ സബ്ഡിവിഷന്‍ നടപടികള്‍ ഭൂമി ഏറ്റെടുക്കേണ്ട പദ്ധതികളുടെ സാമൂഹികാഘാത പഠനം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ 3050 മീറ്ററില്‍ നിന്നും 4,050 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏകദേശം 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പുനരധിവാ സത്തിനായി 14.6501 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കുകയും പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിന് 11 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

റണ്‍വേ ദീര്‍ഘിപ്പിക്കുന്നതിന് 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 942,93,77,123/ (തൊള്ളായിരത്തി നാല്‍പ്പത്തിരണ്ട് കോടി, തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി, എഴുപത്തിയേഴായിരത്തി, ഒരുന്നൂറ്റി ഇരുപത്തിമൂന്ന്) രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിൽ പൂര്‍ത്തീകരിച്ചു വരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി സഹകരണ — രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ മറുപടി നൽകി.

Eng­lish Sum­ma­ry : 1113.33 acres of land acquired and hand­ed over to KIAL for Kan­nur air­port: Chief Minister
You may also like this video

Exit mobile version