Site iconSite icon Janayugom Online

അനര്‍ഹമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി പുറത്ത്

അനര്‍ഹമായി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി പുറത്ത്. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെന്‍ഷനിലായത്. അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശ സഹിതം ഇവരില്‍ നിന്ന് തിരിച്ചുപിടിക്കും.
മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പിഴപ്പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍ നിന്നായി തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് എന്നീ തസ്തികകളിലുള്ള നാല് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. റവന്യു വകുപ്പിലെ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫിസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തുടങ്ങിയ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. സര്‍വേ വകുപ്പില്‍ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍വേയര്‍, ഡ്രാഫ്റ്റ്സ്‌മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവരാണ് ഇവര്‍. 

Exit mobile version