Site iconSite icon Janayugom Online

കോഴിക്കോട് മെഡിക്കല്‍ കോളജ് നവീകരിണത്തിനായി 12.56 കോടി രൂപയുടെ ഭരണാനുമതി

കോഴിക്കോട് മെഡിക്കല്‍ കോളജ് നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ സാധിക്കുന്നതാണ്. നവജാതശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണത്തിന് ആദ്യമായി നിയോനെറ്റോളജി വിഭാഗം ആരംഭിച്ചിരുന്നു. അമ്മയ്ക്കും കുഞ്ഞിനും മതിയായ പരിചരണം ഉറപ്പാക്കാന്‍ മികച്ച സൗകര്യങ്ങളൊരുക്കി. ഇതിന്റെ ഫലമായി ലക്ഷ്യ അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ എന്‍ഡോസ്‌കോപ്പ് 20 ലക്ഷം, കൊളോനോസ്‌കോപ്പ് 20 ലക്ഷം, എന്‍ഡോസ്‌കോപ്പി സിസ്റ്റം 30 ലക്ഷം, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നാവിഗേഷന്‍ സിസ്റ്റം 80 ലക്ഷം, പള്‍മനോളജി മെഡിസിനില്‍ വീഡിയോ ബ്രോങ്കോസ്‌കോപ്പ് വിത്ത് വീഡിയോ പ്രോസസര്‍ 22 ലക്ഷം, കാര്‍ഡിയോ പള്‍മണറി ടെസ്റ്റ് ഉപകരണങ്ങള്‍ 42.53 ലക്ഷം, അനസ്തീഷ്യ വിഭാഗത്തില്‍ മള്‍ട്ടിപാര മോണിറ്റര്‍ 11.20 ലക്ഷം, ഹൈ എന്‍ഡ് അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍ 52.58 ലക്ഷം, ഫ്ളക്സിബിള്‍ ഇന്‍ട്യുബേറ്റിംഗ് വീഡിയോ എന്‍ഡോസ്‌കോപ്പ് 25 ലക്ഷം, ഇഎന്‍ടി വിഭാഗത്തില്‍ 4 കെ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ക്യാമറ എന്‍ഡോസ്‌കോപ്പി സിസ്റ്റം 75 ലക്ഷം, സിവിടിഎസില്‍ ഐഎബിപി മെഷീന്‍ 34.21 ലക്ഷം, ജനറല്‍ സര്‍ജറിയില്‍ ലേസര്‍ മെഷീന്‍ 25 ലക്ഷം, 4 കെ 3 ഡി എന്‍ഡോസ്‌കോപ്പി സിസ്റ്റം 1.20 കോടി, പീഡിയാട്രിക് സര്‍ജറിയില്‍ ഒടി ലൈറ്റ് ഡബിള്‍ ഡൂം 5.47 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ഉപകരണങ്ങള്‍ വാങ്ങാന്‍ തുകയനുവദിച്ചത്.

വിവിധ വിഭാഗങ്ങളിലെ റീയേജന്റ്, ഡയാലിസിസ് കിറ്റ്, കെമിക്കല്‍, ട്രിപ്പിള്‍ ബ്ലഡ് ബാഗ് തുടങ്ങിയ ആശുപത്രി അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്കായി 4.02 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോക്കിലേയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലേയും ഐഎംസിഎച്ചിലേയും വിവിധ വാര്‍ഡുകളിലെ ടോയിലറ്റുകളുടെ നവീകരണം, കിച്ചണ്‍, ലോണ്‍ട്രി അറ്റകുറ്റ പണികള്‍, ടെറിഷ്യറി കാന്‍സര്‍ സെന്റര്‍ ഇന്റര്‍ ലോക്കിംഗ്, വോളിബോള്‍ കോര്‍ട്ട് നിര്‍മ്മാണം, സ്ട്രീറ്റ് ലൈറ്റ്, സീലിംഗ് ഫാനുകള്‍, മറ്റ് നവീകരണം എന്നിവയ്ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; 12.56 crore admin­is­tra­tive approval for Kozhikode Med­ical Col­lege renovation
You may also like this video;

Exit mobile version