മംഗളുരുവിലെ പട്ടാപകൽ ബാങ്ക് കൊള്ള നടത്തി 12 കോടി രൂപയുടെ സ്വർണവും പണവും കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ . ഉള്ളാളിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികളെയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും പിടികൂടിയത് . മുംബൈ, തമിഴ്‌നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള രണ്ട് പ്രതികൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. മോഷണത്തിന് ഉപയോഗിച്ച ഫിയറ്റ് കാർ ഇവരിൽ നിന്ന് പിടിച്ചെടുത്തു . പ്രതികളുടെ കൈയ്യിൽ നിന്ന് ഒരു വാളും രണ്ട് തോക്കുകളും മോഷ്ടിച്ച സ്വർണത്തിന്റെയും പണത്തിന്റെയും ഒരു പങ്കും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളും പ്രദേശവാസികളാകാൻ സാധ്യതയെന്നാണ് പൊലീസ് നിഗമനം. ഇവരുടെ വിവരങ്ങൾ പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കണ്ടെത്താമെന്നാണ് പൊലീസ് കരുതുന്നത്. ജനുവരി 17‑ന് മംഗളുരുവിലെ ഉള്ളാളിലെ സഹകരണ ബാങ്കിൽ പട്ടാപ്പകൽ 12 കോടിയോളം മതിപ്പ് വില വരുന്ന സ്വർണവും 5 ലക്ഷം രൂപയുമാണ് ഇവർ കൊള്ളയടിച്ചത്.

