Site iconSite icon Janayugom Online

ജെഇഇ പരീക്ഷയില്‍ 12 ചോദ്യങ്ങള്‍ ഒഴിവാക്കി; എന്‍ടിഎ വീണ്ടും വിമര്‍ശനക്കുരുക്കില്‍

കഴിഞ്ഞമാസം നടന്ന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ, ജെഇഇ മെയിന്‍ അന്തിമ ഉത്തരസൂചികയിലെ പിഴവുകള്‍ കാരണം 12 ചോദ്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതോടെ ദേശീയ പരീക്ഷാ ഏജന്‍സിക്കെതിരെ (എന്‍ടിഎ) വീണ്ടും വിമര്‍ശനം. ചോദ്യങ്ങള്‍ ഒഴിവാക്കിയിട്ടും ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയിലെ (ജെഇഇ) പിശക് നിരക്ക് 0.6 ശതമാനത്തില്‍ നിന്ന് 1.6 ശതമാനമായി ഉയര്‍ന്നു. ഒഴിവാക്കിയ ചോദ്യങ്ങള്‍, സിലബസിന് പുറത്തെ ഉള്ളടക്കം, വിവര്‍ത്തന പിശകുകള്‍ എന്നിവ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികളും അധ്യാപകരും എന്‍ടിഎയുടെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ചു.

നീറ്റ്, നെറ്റ്, ജെഇഇ എന്നീ പ്രധാന പരീക്ഷകള്‍ എന്‍ടിഎയാണ് നടത്തുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടണമെന്ന് പരീക്ഷാര്‍ത്ഥി ശ്രുതി ഷാ പറഞ്ഞു. എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം ഇതിനായി തയ്യാറെടുക്കുന്നതാണ്, അതിനാല്‍ ഓരോ ചോദ്യവും പ്രധാനമാണ്. ഇത്തരം വീഴ‍്ചകള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ശ്രുതി പറഞ്ഞു. എന്‍ടിഎയുടെ പരീക്ഷാ നടത്തിപ്പില്‍ വീഴ്ചയുണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. 2021 മുതല്‍ ഇത്തരം വീഴ്ചകള്‍ എന്‍ടിഎ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇത്തവണ പിശകുകള്‍ കുറഞ്ഞെന്നാണ് അവകാശവാദം. പരിഭാഷയിലെ പ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം കുറച്ചെന്ന് വിദഗ്ധര്‍ പറയുന്നു. 

ഇത്തവണ സെഷന്‍ ഒന്നിന്റെ അന്തിമ ഉത്തര സൂചികയില്‍ രണ്ട് വിവര്‍ത്തന പിശകുകള്‍ കണ്ടെത്തി. തെറ്റായ ഉത്തരങ്ങള്‍ ശരിയെന്ന് അടയാളപ്പെടുത്തുകയും ചെയ‍്തു. ഹിന്ദിയിലും ഗുജറാത്തിയിലും ഉത്തരമെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ഉത്തരങ്ങള്‍ ഓപ‍്ഷനായി നല്‍കി. മറ്റുള്ളവര്‍ക്ക് ഒന്നും. ഇത് പക്ഷാപാതപരമായ സമീപനമാണെന്ന ആശങ്കയും ഉയര്‍ത്തുന്നു. നിരവധി വീഴ്ചകള്‍ ഉണ്ടായിട്ടും എന്‍ടിഎ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ, വിശദീകരണം നല്‍കുകയോ ചെയ‍്തിട്ടില്ലെന്ന് ജെഇഇ, നീറ്റ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ജിതേന്ദര്‍ അഹൂജ ചൂണ്ടിക്കാട്ടി. തെറ്റുകളില്ലാതെ പരീക്ഷ നടത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. മുന്‍കാല വീഴ്ചകളില്‍ നിന്ന് ഏജന്‍സി യാതൊന്നും പഠിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version