ആറ് വര്‍ഷത്തിനിടയില്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വളരെ കുറഞ്ഞ എണ്ണം മാത്രമെന്ന് റിപ്പോര്‍ട്ട്. തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനും ഭരണകൂടം രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് മുതിര്‍ന്ന ന്യായാധിപന്മാരുള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത് ശരിവയ്ക്കുന്നതാണ് ഈ കണക്കുകള്‍. 2014 മുതല്‍ 2019 വരെയുള്ള കണക്കുകളനുസരിച്ച് 326 കേസുകളാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 124 എ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2014ല്‍ 47, 2015ല്‍ 30, 2016ല്‍ 35, 2017ല്‍ 51, 2018ല്‍ 70, 2019ല്‍ 93 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. ഇവയില്‍ 2014, 2016, 2017, 2019 വര്‍ഷങ്ങളില്‍ ഓരോ കേസുകളിലും 2018ല്‍ രണ്ട് കേസുകളിലും മാത്രമാണ് ശിക്ഷ വിധിച്ചത്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ(എന്‍സിആര്‍ബി)യുടെ വിലയിരുത്തലില്‍ രാജ്യദ്രോഹക്കേസുകളിലെ ശിക്ഷാ നിരക്ക് 15.4 ശതമാനമാണ്. വിചാരണ പൂര്‍ത്തിയായ കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിആര്‍ബി ശിക്ഷാ നിരക്ക് കണക്കുകൂട്ടുന്നത്. എന്നാല്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ ഇത് ശരാശരി 1.81 ശതമാനം മാത്രമായി ചുരുങ്ങും. 2016ലും 2018ലും 2.85 ശതമാനമാണ് ഈ തരത്തിലുള്ള ശിക്ഷാ നിരക്കുകളില്‍ ഏറ്റവും കൂടിയത്.
2014 മുതലുള്ള ആറ് വര്‍ഷങ്ങളില്‍ യഥാക്രമം നാല്, നാല്, മൂന്ന്, ആറ്, പതിമൂന്ന്, മുപ്പത് കേസുകളിലാണ് വിചാരണ പൂര്‍ത്തിയായത്. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ 141 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2014ലും 2018ലും 18 കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്തുകൊണ്ട് ഝാര്‍ഖണ്ഡാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംസ്ഥാനങ്ങളില്‍ മുന്നിലെത്തിയത്. 2015ല്‍ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബിഹാറാണ് ഒന്നാം സ്ഥാനത്ത്. 2016ല്‍ ഹരിയാന 12 കേസുകളോടെയും, 2017ല്‍ അസം 19 കേസുകളോടെയും രാജ്യദ്രോഹക്കേസുകള്‍ ചുമത്തുന്നതില്‍ ഒന്നാം സ്ഥാനം നേടി. 2019ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ ചുമത്തിയത് കര്‍ണാടകയാണ്. 22 കേസുകളാണ് സംസ്ഥാനത്ത് ആ വര്‍ഷം 124 എ വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തത്.
English Summary:124A: State weapon of repression; 326 treason cases in six years
You may also like this video