Site iconSite icon Janayugom Online

വിദേശത്തുള്ളത് 13.35 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

ഉന്നത വിദ്യാഭ്യാസം തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. അതേസമയം ഉന്നതവിദ്യാഭ്യാസത്തിനായി ഇന്ത്യ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024ല്‍ മാത്രം 13.35 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശപഠനത്തിനായി പോയത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുന്നത് വര്‍ധിച്ചുവരുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്രവല്‍ക്കരണം എന്ന പേരില്‍ നിതി ആയോഗാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തsരഞ്ഞെടുക്കുന്ന വിദേശരാജ്യങ്ങളില്‍ കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ, ജര്‍മ്മനി രാജ്യങ്ങളാണ് മുന്‍നിരയിലുള്ളത്. ലോകോത്തര വിദ്യാഭ്യാസം, വൈവിധ്യമാര്‍ന്ന അക്കാദമിക് പ്രോഗ്രാമുകള്‍, മികച്ച പോസ്റ്റ്-സ്റ്റഡി വര്‍ക്ക് അവസരങ്ങള്‍ എന്നിവ ഈ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ന്യായമായ ട്യൂഷന്‍ ഫീസ്, നയങ്ങള്‍, വ്യക്തമായ സ്ഥിര താമസ മാര്‍ഗങ്ങള്‍ എന്നിവ കാരണം കാനഡ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രിയപ്പെട്ട രാജ്യമാണ്. 

4.27 ലക്ഷ്യം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2024ല്‍ കാനഡ തെരഞ്ഞെടുത്തത്. യുഎസ് 3.37 ലക്ഷം, യുകെ 1.85 ലക്ഷം, ഓസ്ട്രേലിയ 1.22 ലക്ഷം, ജര്‍മ്മനി 43,000 വിദ്യാര്‍ത്ഥികളുമാണുള്ളത്. അക്കാദമിക് മികവ്, കോഴ്സിന് ശേഷമുള്ള തൊഴിൽ അവസരങ്ങള്‍, സാംസ്‌കാരിക വൈവിധ്യം തുടങ്ങിയ ഘടകങ്ങള്‍ ഈ രാജ്യങ്ങൾ തന്നെ 2026 ലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജനപ്രിയമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിദ്യാഭ്യാസത്തിനായി പോകുന്നതും പൂര്‍ത്തിയാക്കി തിരിച്ചുവരുന്നവരും തമ്മില്‍ വലിയ അന്തരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 28 പേര്‍ വിദേശത്തേക്ക് പോകുമ്പോള്‍ അതില്‍ ഒരാള്‍ മാത്രമാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. 2023–24 വര്‍ഷം കാനഡ, യുഎസ്, യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ 8.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് പഠിച്ചത്. 2.9 ലക്ഷം കോടി രൂപയാണ് ഇതിനായി ഇവര്‍ ചെലവഴിച്ചത്. ചില ചെറിയ യൂറോപ്യന്‍ രാജ്യങ്ങളും വലിയ രീതിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version