Site icon Janayugom Online

കോര്‍പ്പറേറ്റുകളുടെ കീശയിലേക്ക് ഇന്ത്യയിലെ 13 വിമാനത്താവളങ്ങള്‍കൂടി; കേന്ദ്ര നടപടികള്‍ അവസാനഘട്ടത്തിലേക്ക്

aiport india

രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍കൂടി സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇതിനായുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നാണ് സൂചന. കേന്ദ്രത്തിന് കീഴിലുള്ള 13 വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് സ്വകാര്യമേഖലയ്ക്ക് നൽകുക. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കും. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യ, കേന്ദ്രസർക്കാരിന് ഇതിനകം കൈമാറിയിട്ടുണ്ട്.
നിലവിലുള്ള ഏഴ് വലിയ വിമാനത്താവളങ്ങളെ ആറ് ചെറിയ വിമാനത്താവളങ്ങളുമായി ചേർത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. വാരണാസി, അമൃത്‌സർ, ഭുവനേശ്വർ, റായ്പൂർ, ഇൻഡോർ, ട്രിച്ചി തുടങ്ങിയ വിമാനത്താവളങ്ങൾ പുതുതായി കൈമാറുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ട്.

തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങളുടെ ചുമതല കൈമാറിയതിന് സമാനമായി അടുത്ത 50 വർഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാർക്ക് ഇനിയുള്ള വിമാനത്താവളങ്ങളും കൈമാറുക.
നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ് ഈ വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത്. അതേസമയം അടുത്ത നാല് വർഷത്തിനുള്ളിൽ 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. ഇപ്പോൾ കേന്ദ്രത്തിന് എയർപോർട്ട് അതോറിറ്റി കൈമാറിയിരിക്കുന്ന 13 വിമാനത്താവളങ്ങൾ അടക്കമാണിത്.
തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്.

ഇത് ഒരു ആരംഭം മാത്രമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍.

 

Eng­lish Sum­ma­ry: 13 more air­ports in India pock­et­ed by cor­po­rates; Cen­tral mea­sures to the final stage

 

You may like this video also

Exit mobile version