Site icon Janayugom Online

അഡാനിയുടെ ഖനിക്കുവേണ്ടി 1300ലധികം ആദിവാസികളെ കുടിയൊഴിപ്പിക്കുന്നു

മധ്യപ്രദേശിൽ അഡാനി ഗ്രൂപ്പിന്റെ സുളിയരി വനമേഖലയിലെ കൽക്കരി ഖനിക്കുവേണ്ടി 1,300ലധികം ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു. തലമുറകളായി കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കാടിന്റെ മക്കള്‍ക്കാണ് ഈ ദുരവസ്ഥ. പലര്‍ക്കും പുനരധിവാസത്തിനുള്ള സ്ഥലമോ അര്‍ഹമായ നഷ്ടപരിഹാരമോ ഇതുവരെ അനുവദിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അനുവദിക്കപ്പെട്ടവരുടെ നഷ്ടപരിഹാരിത്തുക കുത്തനെ വെട്ടിക്കുറിച്ചതായും പരാതിയുണ്ട്. ഇതിനെതിരെ ഈ കുടുംബങ്ങള്‍ പോരാട്ടത്തിലാണ്.

ഖനിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസരത്തെ വീടുകള്‍ക്ക് നാശമുണ്ടാക്കുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച ഓടുമേഞ്ഞ ചെറിയ വീട് പ്രതികൂല കാലാവസ്ഥയെയും നേരിട്ടതായിരുന്നു, എന്നാല്‍ ഇപ്പോള്‍ വിള്ളലുകള്‍ വന്നതായി വീട്ടമ്മയായ സുന്ദരി ദേവി പറഞ്ഞു. ഖനി സ്ഥാപിക്കാനായി സുന്ദരി ദേവിയുടെയും വീട് പൊളിച്ചുനീക്കണം. 55 വയസുള്ള സുന്ദരിയുടെ കൊച്ചുമക്കളായ ബ്രിജേന്ദ്ര (14), അജയ് (എട്ട്) എന്നിവരും അവരുടെ പ്രായത്തിലുള്ള അടുത്ത വീടുകളിലെ കുട്ടികളും നിരാശയിലാണ്. മധ്യപ്രദേശില്‍ ചരിത്രപ്രാധാന്യമുള്ള ഗോത്രവർഗ വിഭാഗമായ ഖാർവാർ സമുദായത്തിൽപ്പെട്ടവരാണ് സുന്ദരി ദേവിയും കുടുംബവും.

വീടും പറമ്പും നഷ്ടമാകുന്നതിനൊപ്പം ഇവരുടെ ഉപജീവനമാര്‍ഗമായ മഹുവ മരങ്ങളും അതിലെ പൂക്കളും എന്നന്നേയ്ക്കുമായി ഇല്ലാതാവുകയാണ്. ഇവിടത്തെ ആദിവാസി കുടുംബങ്ങൾ തലമുറകളായി മഹുവ പൂക്കൾ ഒരു പ്രധാന ഉപജീവന മാർഗമാണ്. വേനൽക്കാലത്താണ് മഞ്ഞനിറമുള്ള മഹുവ പൂക്കൾ പ്രദേശമാകെ വിരിയുന്നത്. മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് മഹുവ പൂക്കള്‍. ആദിവാസി കുടുംബങ്ങള്‍ ഈ പൂക്കള്‍ പറിച്ച് മദ്യനിര്‍മ്മാണ ശാലയില്‍ വില്‍ക്കും. അങ്ങനെ കിട്ടിയിരുന്ന വരുമാനമാണ് ഇനി ഇവര്‍ക്കില്ലാതാവുന്നത്. അഡാനി ഈ പ്രദേശമാകെ പാട്ടത്തിനെടുത്തതോടെ മഹുവ മരങ്ങളും ഓരോന്നോരോന്നായി മുറിച്ചുമാറ്റപ്പെട്ടു. ഇനി ഏതാനും മരങ്ങളും മനുഷ്യരും മാത്രമാണ് ശേഷിക്കുന്നത്. അതും അഡാനിയും അവര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന കേന്ദ്ര ഭരണകൂടവും വൈകാതെ ഇല്ലാതാക്കും.

Eng­lish Sam­mury: Mad­hya Pradesh, over 1300 house­holds are to be dis­placed by the Suli­yari coal mine, a project run by the Adani Group

Exit mobile version