Site iconSite icon Janayugom Online

ദീപാവലി ട്രൻ്റായ കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി, നൂറിലേറെ കുട്ടികൾ മധ്യപ്രദേശിൽ ചികിത്സയിൽ

ദീപാവലി ആഘോഷത്തിനിടെ കാർബൈഡ് ഗൺ ഉപയോഗിച്ച് പടക്കം പൊട്ടിച്ച കുട്ടികൾക്ക് കണ്ണിന് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. സർക്കാർ നിരോധിച്ച തോക്ക് ചന്തയിൽ നിന്ന് വാങ്ങി ദീപാവലി ആഘോഷത്തിനുപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായത്. മൂന്ന് ദിവസം കൊണ്ട് 122 കുട്ടികൾ പരിക്കേറ്റ് ആശുപത്രിയിലെത്തി. ഇവരിൽ 14 പേർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

150 രൂപയും 200 രൂപയും വില നൽകിയാണ് പലരും കുട്ടികൾക്ക് ഉപയോഗിക്കാനാവുന്ന കളിപ്പാട്ടമെന്ന് കരുതി കാർബൈഡ് ഗൺ വാങ്ങിയത്. എന്നാൽ ബോംബിന് സമാനമായ നിലയിലാണ് ഇവ പൊട്ടിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ അനധികൃതമായി ഈ വെടിക്കോപ്പ് വിറ്റ് ആറ് കച്ചവടക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെല്ലാം ആശുപത്രികളിലെ നേത്രവിഭാഗം കുട്ടികളായ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഇത് കളിപ്പാട്ടമല്ലെന്നും സ്ഫോടകവസ്‌തുവാണെന്നും ഡോക്‌ടർമാരും പൊലീസും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version