നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണം വെളുപ്പിക്കലിലൂടെ ഗാന്ധി കുടുംബം 142 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ രേഖകളുണ്ടെന്നും ഇഡി. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഡൽഹി കോടതിയെ അറിയിച്ചു. സാമ്പത്തിക നേട്ടമുണ്ടാക്കാനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ്ങ് ഇന്ത്യയെന്ന കമ്പനിയുണ്ടാക്കിയത്. യങ്ങ് ഇന്ത്യയ്ക്ക് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു.
യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിന്റെ ഭാഗമെന്നും ഇഡി ഡൽഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ അറിയിച്ചു. 2008‑ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് നാഷണൽ ഹെറാൾഡ് പത്രം പൂട്ടിയത്. 2010‑ൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുെ ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ഡൽഹി, ലഖ്‍നൗ, മുംബൈ അടക്കമുള്ള നഗരങ്ങളിൽ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങൾ ഇതോടെ സോണിയയുടെയും രാഹുലിന്റെയും സ്വന്തമായെന്നും ഇഡി കോടതിയിൽ പറഞ്ഞു.

