Site iconSite icon Janayugom Online

കൊളംബിയയിൽ വിമാനം തകർന്ന് 15 മരണം; മരിച്ചവരിൽ പ്രമുഖ നിയമസഭാംഗവും

കൊളംബിയയിൽ 15 പേരുമായി സഞ്ചരിച്ച ചെറുവിമാനം തകർന്ന് വീണ് വൻ ദുരന്തം. വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പെടെ മുഴുവന്‍ പേരും കൊല്ലപ്പെട്ടതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. കൊളംബിയൻ നിയമസഭാംഗമായ ഡയോജെനസ് ക്വിന്റേറോയും അദ്ദേഹത്തിന്റെ സംഘവും അപകടത്തിൽപ്പെട്ടത്. .

വെനസ്വേലൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ കൊളംബിയയിലെ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് അപകടത്തിൽപ്പെട്ടത്. കൊളംബിയൻ പൊതുമേഖലാ വിമാനക്കമ്പനിയായ ‘സറ്റേന’യുടെ വിമാനമാണിത്. 

പർവ്വത മേഖലയായ ഒക്കാനയ്ക്ക് സമീപം വെച്ച് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. കൊളംബിയയിലെ ആഭ്യന്തര സംഘർഷങ്ങളിൽ ഇരയായവർക്ക് വേണ്ടി ശബ്ദമുയർത്തുന്ന പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട ഡയോജെനസ് ക്വിന്റേറോ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ കാർലോസ് സാൽസെഡോയും വിമാനത്തിലുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനായി വ്യോമസേനയെ അപകടസ്ഥലത്ത് വിന്യസിച്ചു.

Exit mobile version