Site iconSite icon Janayugom Online

അടുത്ത വര്‍ഷം സംസ്ഥാനത്ത് 15 ലക്ഷം തെങ്ങുകള്‍ വച്ചുപിടിപ്പിക്കും: മന്ത്രി പി പ്രസാദ് 

സംസ്ഥാനത്ത് അടുത്തവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. മുഹമ്മ ഗ്രാമപഞ്ചായത്തിലെ കേര ഗ്രാമം പദ്ധതിയുടെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാളികേര സമൃദ്ധി ലക്ഷ്യമിടുന്ന കേരഗ്രാമം പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുതിന് നാളികേരത്തില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.  മുഹമ്മ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെ 250 ഹെക്ടർ പ്രദേശത്ത്  43,750 തെങ്ങുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  തടം തുറക്കൽ, പുതയിടൽ, ജലസേചന പമ്പ് സെറ്റുകളുടെയും തെങ്ങുകയറ്റ യന്ത്രങ്ങളുടെയും വിതരണം, ജൈവവള നിർമാണ യൂണിറ്റ്, രാസവളത്തിന്‍റെയും കീടനാശിനിയുടെയും ലഭ്യത ഉറപ്പാക്കൽ, കേടുവന്നവ മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ നടൽ, ഇടവിള കൃഷിക്ക് പ്രോത്സാഹനം നൽകല്‍ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗൗരി നന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. പമ്പ് സെറ്റുകൾ, ജൈവവളം, തെങ്ങുകയറ്റ യന്ത്രം, ഇടവിള കിറ്റ് തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്തിലെ മുതിർന്ന കേരകർഷകൻ മഹാദേവൻ പിള്ളയെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ ഡി മഹേന്ദ്രൻ ആദരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എലിസബത്ത് ഡാനിയല്‍, ചേർത്തല അസിസ്റ്റന്‍റ് കൃഷി ഡയറക്ടർ ജി.വി. റെജി, മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.റ്റി. റെജി, സെക്രട്ടറി പി.വി. വിനോദ്, കൃഷി ഓഫീസർ പി.എം. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: 15 lakh coconuts will be plant­ed in the state next year; Ker­a­gram project begins in Muham­ma: Min­is­ter P. Prasad

You may like this video also

Exit mobile version