Site iconSite icon Janayugom Online

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി കൂടി

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 150 കോടി രൂപ കൂടി അനുവദിച്ചു. കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നൽകിയിരുന്നു. ഈ സർക്കാർ ഇതുവരെ 2695 കോടി രൂപയാണ് പദ്ധതിക്കായി നൽകിയതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണ്.
സംസ്ഥാനത്തെ ദരിദ്രരും ദുർബലരുമായ കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സ പദ്ധതിയിൽ ഉറപ്പാക്കുന്നു. 

41.96 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. ഇവർക്ക് സർക്കാർ, എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യആശുപത്രികളിൽ സൗജന്യ ചികിത്സാ സൗകര്യമുണ്ട്. ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന് അർഹതയുണ്ട്. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുൻഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാസഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണ്. 600ലേറെ ആശുപത്രികളിലാണ് കാസ്പ് ചികിത്സാ സൗകര്യമുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യിൽ ഉൾപ്പെടാത്തതും വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളതുമായ കുടുംബങ്ങൾക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് സൗജന്യ ചികിത്സാ സ്കീമുമുണ്ട്. 

Eng­lish Sum­ma­ry: 150 crores more for Karun­ya Aro­gya Sukhara Scheme

You may also like this video

Exit mobile version