Site iconSite icon Janayugom Online

പേരുവെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയത് 15000 കോടി

പതിനാറ് വര്‍ഷത്തെ കാലയളവില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് പേരുവെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്ന് സംഭാവനയായി ലഭിച്ചത് 15,077.97 കോടി. വോട്ടെടുപ്പ് അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
2020–21 വര്‍ഷം പ്രാദേശിക, ദേശീയ പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്താത്ത സ്രോതസുകളില്‍ നിന്ന് 690.67 കോടി രൂപയാണ് ലഭിച്ചത്. എട്ട് ദേശീയ പാര്‍ട്ടികളേയും 27 പ്രാദേശിക പാര്‍ട്ടികളേയുമാണ് വിശകലനത്തിനായി എഡിആര്‍ പരിഗണിച്ചത്. ബിജെപി, കോണ്‍ഗ്രസ്, എഐടിസി, സിപിഐ(എം), എന്‍സിപി, ബിഎസ്‌പി, സിപിഐ, എന്‍പിപി എന്നിവയാണ് ദേശീയ പാര്‍ട്ടികള്‍.
2004നും 2020–21നും ഇടയ്ക്ക് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ച സംഭാവന, നികുതി വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.
2020–21 ല്‍ ദേശീയ പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്താത്ത സ്രോതസില്‍ നിന്ന് 426.74 കോടിയും പ്രദേശിക പാര്‍ട്ടികള്‍ക്ക് 263.928 കോടിയുമാണ് സംഭാവനയായി ലഭിച്ചത്. കോണ്‍ഗ്രസിന് മാത്രം 178.782 കോടി ലഭിച്ചു. ഇത് ദേശീയ പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്താത്ത സ്രോതസുകളില്‍ ലഭിച്ച ആകെ തുകയുടെ 41.89 ശതമാനമാണ്. ബിജെപിക്ക് 100.502 കോടിയാണ് ഈ ഇനത്തില്‍ ലഭിച്ചത്. ഇത് ആകെ ലഭിച്ചതിന്റെ 23.55 ശതമാനമാണ്.
പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും മുന്നില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസാണ്, 96.2507 കോടി. ഡിഎംകെ-80 കോടി, ബിജെഡി-67 കോടി, എംഎന്‍എസ്-5.773 കോടി, എഎപി 5.4 കോടി രൂപ എന്നിങ്ങനെയാണ് ലഭിച്ചത്. ഇത് പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് ഇനത്തില്‍ ലഭിച്ച 690.67 കോടി രൂപയുടെ 47.06 ശതമാനമാണ്. 

Eng­lish Sum­ma­ry: 15,000 crores received by polit­i­cal par­ties from unnamed sources

You may like this video also

Exit mobile version