നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 157 മരണം. നാനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. വെള്ളിയാഴ്ച രാത്രി 11.32 ഓടെ ഉണ്ടായ ഭൂചലനം ഭൂകമ്പമാപിനിയില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിദണ്ഡ ഗ്രാമത്തിലാണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ ദുരന്തവ്യാപ്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നൂറുകണക്കിനാളുകള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തനിവാരണ ഏജന്‍സികളടക്കം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ സൈനിക ഹെലികോപ്റ്ററുകള്‍ നേപ്പാളിലെത്തി.
ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് പലരും ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. റുകും ജില്ലയില്‍ 35, ജജാര്‍ക്കോട്ടില്‍ 34 പേരുടെ വീതം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദായിലേക്, സല്യാണ്‍, റോല്‍പ ജില്ലകളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. നല്‍ഗഡ് ഡെപ്യൂട്ടി മേയറും കുടുംബവും മരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് രാജ്യത്ത് ഉണ്ടായത്. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നേപ്പാളില്‍ 12,000ത്തില്‍ അധികംപേര്‍ മരിക്കുകയും 10 ലക്ഷത്തോളം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം മൂന്നിനും ഭൂചലന പരമ്പര ഉണ്ടായിരുന്നു.
English Summary: 157 killed in Nepal quake
You may also like this video
You may also like this video