കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. അക്രമിയായ 16 വയസുകാരൻ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടികൊണ്ട് ക്രൂരമായി മർദിച്ച ശേഷം മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിൽ തപോവൻ എക്സ്പ്രസിലാണ് സംഭവം. നാസിക്കിൽ നിന്നുള്ള താമസക്കാരനായ ഗൗരച് രാംദാസ് നിക്കം തീവണ്ടിയിൽ യാത്ര ചെയ്യവേയാണ് പ്രതി ഇദ്ദേഹത്തിന്‍റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചത്. ഇടിയുടെ ആഘാതത്തിൽ ഗൗരച് ഓടുന്ന തീവണ്ടിയിൽ നിന്ന് വീഴുകയും, അദ്ദേഹത്തിന്‍റെ ഇടത് കാൽ ചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ രണ്ട് കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിരിക്കുന്നത് കാണാം. ഇടത് കാൽ പൂർണ്ണമായും ഞെരിഞ്ഞമർന്ന നിലയിലായിരുന്നു. ഗുരുതരമായ പരിക്കുകൾ വരുത്തിയ ശേഷവും അക്രമി ഉടൻതന്നെ ഓടിപ്പോയില്ല.

