Site iconSite icon Janayugom Online

16കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

കൊട്ടാരക്കര പുത്തൂരിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി മുരാരി തന്ത്രി എന്ന രാജൻ ബാബുവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കിയ ജ്യോതിഷാലയത്തിലെ മുറിയിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പ്രതിക്ക് താന്ത്രിക വിദ്യകളിൽ അറിവില്ലെന്നും ഇയാൾ വ്യാജ തന്ത്രിയാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അതിക്രമത്തിനിടെ പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ, ബാധ ഒഴിപ്പിക്കുന്നതിനിടയിൽ പെൺകുട്ടി തലയിടിച്ച് വീണതാണെന്നാണ് രാജൻ ബാബു പൊലീസിനോട് പറഞ്ഞത്. എന്നാൽ അടച്ചിട്ട മുറിയിൽ എന്തിനാണ് ബാധ ഒഴിപ്പിക്കൽ നടത്തിയത് എന്ന പൊലീസിന്റെ ചോദ്യത്തിന് പ്രതിക്ക് വ്യക്തമായ മറുപടി നൽകാനായില്ല. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നുമാണ് ഇയാൾ ആവർത്തിച്ചു പറയുന്നത്.

സംഭവസമയത്ത് ജ്യോതിഷാലയത്തിൽ രാജൻ ബാബുവിന്റെ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. ഇവരാണ് പെൺകുട്ടിയെ മുറിയിലേക്ക് എത്തിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് പീഡനം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ മുൻകാല പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.

Exit mobile version