കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ കവര്‍ച്ചാ കേസായ ‘പ്രൊജക്ട് 24’ ല്‍ മുഖ്യ പ്രതികളിലൊരാളായ അര്‍സലാന്‍ ചൗധരി പിടിയില്‍. ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 166 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്ന് ടൊറന്റോ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കാനഡ രാജ്യവ്യാപകമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മോഷണം, നിയമവിരുദ്ധമായി സ്വത്ത് കൈവശം വെക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
എയര്‍ കാനഡയിലെ മുന്‍ ജീവനക്കാരായ പരംപാല്‍ സിദ്ധു, സിമ്രന്‍ പ്രീത് പനേസര്‍ എന്നിവരുള്‍പ്പെടെ പത്തോളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ സിമ്രാന്‍ പ്രീത് പനേസര്‍ ഇന്ത്യയിലുണ്ടെന്നാണ് സംശയിക്കുന്നത്. 2023 ഏപ്രില്‍ 17‑നാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ നിന്ന് എയര്‍ കാനഡ വിമാനത്തില്‍ എത്തിയ 400 കിലോഗ്രാം സ്വര്‍ണ്ണവും (6,600 ഗോള്‍ഡ് ബാറുകള്‍) വലിയൊരു തുക വിദേശ കറന്‍സിയും ടൊറന്റോ വിമാനത്താവളത്തിലെ ഗോഡൗണില്‍ നിന്ന് കാണാതായത്. വ്യാജ എയര്‍വേ ബില്ലുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്.

