Site iconSite icon Janayugom Online

17 കോടി തൊഴില്‍ വാഗ്ദാനം വിഴുങ്ങി; 10 ലക്ഷം തൊഴിലുമായി നരേന്ദ്ര മോഡി

രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതിനിടെ 10 ലക്ഷം തൊഴില്‍ പ്രഖ്യാപന തട്ടിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിമാചല്‍, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് നടത്തിയ പ്രഖ്യാപനത്താേടെ മോഡി വിഴുങ്ങിയത് 17 കോടി പേര്‍ക്ക് തൊഴില്‍ നല്കുമെന്ന സ്വന്തം വാഗ്ദാനം.
2014 ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് കഴിഞ്ഞ എട്ടര വര്‍ഷ കാലയളവില്‍ 17 കോടി തൊഴിലവസരം സൃഷ്ടിക്കേണ്ടിയിരുന്നു. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല നിയമനങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. 2017–18ല്‍ പ്രതിമാസം ശരാശരി 11,000 തസ്തികകളിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തിയത്. 2019–20 ല്‍ ഇത് 9,900, 2020–21 ല്‍ 7300 എന്നിങ്ങനെ കുറഞ്ഞു. 2019–20ല്‍ 1.19 ലക്ഷം പേര്‍ക്കും 2020–21ല്‍ 87,423 പേര്‍ക്കുമായിരുന്നു ആകെ നിയമനം.
നിലവില്‍ 12 ലക്ഷത്തോളം കേന്ദ്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡിന്റെ പേരില്‍ സൈന്യത്തിലും രണ്ടുവര്‍ഷത്തോളം നിയമനങ്ങള്‍ നടന്നിട്ടില്ല. റയില്‍വേ അടക്കം കൂടുതല്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന എല്ലാ വകുപ്പുകളിലും നിയമന നിരോധനം നിലനില്‍ക്കുകയാണ്. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം ജനം മറന്നുവെന്ന് കരുതിയാണ് 10 ലക്ഷം തൊഴില്‍ എന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയുടെ രംഗപ്രവേശം.
തൊഴിലില്ലായ്മ വർധിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് കണ്ണില്‍പ്പൊടിയിടുന്ന ‘റോസ്ഗർ മേള’ കേന്ദ്രസർക്കാർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത മേളയില്‍ രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. 75,000 പേർക്ക് നിയമന കത്ത് കൈമാറി. കേന്ദ്ര സർക്കാരിന്റെ 38 മന്ത്രാലയങ്ങൾക്ക് കീഴിലായാണ് ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം പേർക്ക് നിയമനം നൽകുന്നത്. 

Eng­lish Sum­ma­ry: 17 crore job offers swal­lowed; Naren­dra Modi with 10 lakh jobs

You may like this video also 

Exit mobile version