Site iconSite icon Janayugom Online

ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആസ്തിയില്‍ 17 മടങ്ങ് വര്‍ധന

ഈമാസം 20 നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ സംസ്ഥാന ഭരണം കൈയ്യാളുന്ന മഹായുതി സ്ഥാനാര്‍ത്ഥികളുടെ ആസ്തി നാല് വര്‍ഷത്തിനിടെ 17 മടങ്ങ് വര്‍ധിച്ചു. രാജ്യത്തെ പൗരന്‍മാരുടെ ആസ്തി വളര്‍ച്ചയെ നിഷ്പ്രഭമാകുന്ന തരത്തിലാണ് ബിജെപി സഖ്യ പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥികളുടെ ആസ്തി ഇത്രയധികം വര്‍ധിച്ചതെന്ന് വോട്ടര്‍ പ്രൊജക്ട് നടത്തിയ പഠനത്തില്‍ പറയുന്നു.
മഹായുതി സഖ്യത്തെ നയിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആസ്തിയിലാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ആസ്തി വര്‍ധന ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷ മഹാവികാസ് അഘാഡി സ്ഥാനാര്‍ത്ഥികളുടെ സ്വത്തും വര്‍ധിച്ചിട്ടുണ്ട്. എന്നാലിത് അഞ്ച് മടങ്ങ് മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. 

സംസ്ഥാന തലസ്ഥാനമായ മുംബൈ മേഖലയിലെ മഹായുതി സ്ഥാനാര്‍ത്ഥികളുടെ സമ്പത്ത് പൗരന്‍മാരുടേതിനെ അപേക്ഷിച്ച് സ്വത്ത് 43 മടങ്ങാണ് വര്‍ധിച്ചത്. ആറുമടങ്ങാണ് എംവിഎ സ്ഥാനാര്‍ത്ഥികളുടെ ആസ്തി വര്‍ധന. രാജ്യത്തെ പൗരന്‍മാരുടെ ആസ്തി പ്രതിവര്‍ഷം 0.7 ശതമാനം മാത്രം വര്‍ധിച്ച വേളയിലാണ് ബിജെപിയുടെയും സഖ്യകക്ഷി നേതാക്കളുടെയും ആസ്തിയില്‍ കുതിച്ചുചാട്ടമുണ്ടായത്. രാഷ്ട്രീയ പ്രമാണി വര്‍ഗവും സാധാരണ പൗരന്‍മാരും തമ്മിലുള്ള സാമ്പത്തിക അന്തരമാണ് മഹായുതി സ്ഥാനാര്‍ത്ഥികളുടെ ആസ്തി വര്‍ധന സൂചിപ്പിക്കുന്നതെന്നും വോട്ടര്‍ പ്രൊജക്റ്റ് ചൂണ്ടിക്കാട്ടുന്നു. 

നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് പലമടങ്ങ് വര്‍ധിച്ച കണക്കുള്ളത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ 21.5 കോടി ആസ്തിയുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിക്ക് 2024ല്‍ 47.1 കോടിയായി ആസ്തി വര്‍ധിച്ചു- 120 ശതമാനം. സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആസ്തി 26 കോടിയില്‍ നിന്ന് 64 കോടിയിലേക്ക് കുതിച്ച് ചാട്ടം നടത്തുകയായിരുന്നു. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആസ്തിയില്‍ 77 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഹായുതി സഖ്യത്തിലെ ആകെ സ്ഥാനാര്‍ത്ഥികള്‍ അധികമായി നേടിയ 7,375 കോടി ആസ്തി സാമുഹ്യ പുരോഗതിക്കയി വിനിയോഗിച്ചുവെങ്കില്‍ 77,000 അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നുവെന്നും വോട്ടര്‍ പ്രൊജക്ട് പഠനത്തില്‍ പറയുന്നു. 

Exit mobile version