ഓസ്‌ട്രേലിയയിലെ മെൽബണിൽ പരിശീലനത്തിനിടെ ക്രിക്കറ്റ് പന്തിനേറ്റ് ഗുരുതരമായി പരിക്കേറ്റ 17‑കാരനായ കൗമാര താരം മരിച്ചു. ബെൻ ഓസ്റ്റിൻ എന്ന കൗമാരക്കാരനാണ് ഫെൻട്രി ഗള്ളിയിലെ വാലി ട്യൂ റിസർവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പരിശീലനം നടത്തുന്നതിനിടെ ദാരുണന്ത്യം സംഭവിച്ചത്. പ്രാദേശിക സമയം വൈകുന്നേരം 4.45ഓടെയായിരുന്നു അപകടം. ബൗളിങ് മെഷീനിൽ നിന്ന് ശക്തമായ വേഗതയിൽ വന്ന പന്ത് കുട്ടിയുടെ കഴുത്തിനും തലയ്ക്കും ഇടയിലുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ബെൻ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, നെറ്റ്‌സിൽ പരിശീലനം നടത്തുമ്പോൾ കഴുത്തിൽ ഗാർഡ് ഉപയോഗിച്ചിരുന്നില്ല എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാദേശിക ക്ലബ്ബുകളായ ഫെർട്രി ഗള്ളിയും എയിൽഡൺ പാർക്കും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നെറ്റ്‌സിൽ പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബെൻ ഓസ്റ്റിൻ ഫെർട്രി ഗള്ളി, മൾഗ്രേവ്, എൽഡൺ പാർക്ക് ക്രിക്കറ്റ് ക്ലബ്ബുകളിൽ സജീവ അംഗമായിരുന്നു. സംഭവത്തിൽ മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സൺ കൗമാരക്കാരൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം രേഖപ്പെടുത്തി.

