ഉത്തര്‍പ്രദേശിലെ ഗാസിയാബാദിയില്‍ 17കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. തിങ്കള്‍ രാവിലെ മോഗിനഗറിലെ നിവാരി ഏരിയയിലാണ് സംഭവം. ഇസ്രയേൽ, അഷ്റഫ് എന്നീ യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ശ്മശാനത്തിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തത്.
യുവാക്കളിലൊരാളെ പെൺകുട്ടിക്ക് പരിചയമുണ്ട്. ഇയാൾ പ്രദേശത്തുള്ള വാട്ടർ ടാങ്കിന്റെ പരിസരത്തേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം സുഹൃത്തിനൊപ്പം ബലമായി പെൺകുട്ടിയെ ശ്മശാനപരിസരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവച്ച് ഒരാൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നിലവിളിക്കാൻ ശ്രമിച്ചപ്പോൾ വായ പൊത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്തിയെന്നും ഡിസിപി പറഞ്ഞു.