Site iconSite icon Janayugom Online

കോവിഡ് കാലത്ത് വെന്റിലേറ്റര്‍ വാങ്ങിയതില്‍ 173.26 കോടിയുടെ അഴിമതി

കോവിഡിന്റെ മറവില്‍ അഴിമതി നടത്തിയതിന് കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും പ്രതിക്കൂട്ടില്‍. കോവിഡ് രോഗികള്‍ക്ക് വേണ്ടി വെന്റിലേറ്റര്‍ ഇറക്കുമതി ചെയ്ത വകയിലും ബസവരാജ ബൊമ്മെ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നാണ് പുതിയ കണ്ടെത്തല്‍. 173.26 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് സംഭരിച്ച വകയില്‍ കോടികള്‍ വകമാറ്റിയെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണിത്. 

2019 മുതല്‍ 2023 വരെ ഭരണം നടത്തിയ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് കോവിഡിനെ പണം വാരാനുള്ള അവസരമാക്കി മാറ്റിയത്. കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ വ്യാപക അഴിമതി നടന്നുവെന്ന പരാതികള്‍ അന്വേഷിക്കാനാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡികുഞ്ഞയെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. പിപിഇ കിറ്റ് അഴിമതി വിവരങ്ങളാണ് കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലൂടെ ആദ്യം പുറത്തുവന്നത്. 7,223 കോടി രൂപയുടെ അഴിമതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തലുകളായിരുന്നു അത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെന്റിലേറ്ററിലും ബാസവരാജ ബൊമ്മെ സര്‍ക്കാര്‍ കടുംവെട്ട് നടത്തിയെന്ന് വ്യക്തമാക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് വെന്റിലേറ്റര്‍ വാങ്ങിയ വകയില്‍ 173.26 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ജസ്റ്റിസ് ഡികുഞ്ഞയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭരിച്ച വെന്റിലേറ്ററുകള്‍ കാണാനില്ല, സ്ഥാപിച്ചില്ല എന്നും എന്നാല്‍ കരാറുകാരന് യഥാസമയം തുക അനുവദിച്ചതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

490 വെന്റിലേറ്ററിനായി സണ്‍സണ്‍ എന്റര്‍പ്രൈസസുമായാണ് ബിജെപി സര്‍ക്കാര്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടത്. 71.77 കോടി രൂപയ്ക്ക് 490 വെന്റിലേറ്റര്‍ സ്ഥാപിക്കാനായിരുന്നു കരാര്‍. ഇതില്‍ 477 യുണിറ്റുകള്‍ കമ്പനി വിതരണം ചെയ്തുവെങ്കിലും 402 എണ്ണം മാത്രമാണ് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ചത്. 13.39 കോടി രൂപയുടെ യൂണിറ്റുകള്‍ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്‍കാര്‍ട്ട ഫാര്‍മ എന്ന കമ്പനിയുമായി നടത്തിയ ഇടപാടില്‍ 647 യുണിറ്റ് വെന്റിലേറ്റര്‍ വിതരണം ചെയ്തതായി രേഖയുണ്ട്. എന്നാല്‍ 105.87 കോടി രൂപയുടെ ഇടപാടിന് രേഖകളും സാക്ഷികളുമില്ല.

Exit mobile version