Site iconSite icon Janayugom Online

പത്ത് ഒഴിവിലേക്കെത്തിയത് 1800 പേര്‍: കെട്ടിടത്തിന്റെ കൈവരി തകര്‍ത്ത ഇന്ത്യയിലെ തൊഴിലില്ലായ്മ, വീഡിയോ

രാജ്യത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രം കാട്ടുന്ന വീഡിയോ വൈറലാകുന്നു. ഗുജറാത്തിലെ ഒരു കമ്പനിയിലേക്കുള്ള പത്ത് ഒഴിവിലേക്കെത്തിയ 1800 ഓളം ആളുകളുടെ തിക്കുംതിരക്കുമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

ജഗാഡിയയിലെ ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ എഞ്ചിനീയറിങ് കമ്പനി തങ്ങളുടെ സ്ഥാപനത്തിലെ പത്ത് ഒഴിവുകളിലേക്കാണ് ഓപ്പണ്‍ ഇന്റര്‍വ്യൂ നടത്തിയത്. അങ്കലേശ്വറിലെ ലോര്‍ഡ്‌സ് പ്ലാസ ഹോട്ടലിലായിരുന്നു അഭിമുഖം.

ഇന്റര്‍വ്യൂ നടന്ന ഹോട്ടലിലുണ്ടായ തിക്കിലും തിരക്കിലും കൈവരി തകര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കമ്പനി അധികൃതരുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ച് 1800ല്‍ അധികം പേരാണ് ജോലി തേടി എത്തിയത്. ഇത്രയും ഉദ്യോഗാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇതോടെ തിക്കും തിരക്കുമായി.
വാതിലിന് പുറത്തെ തിരക്ക് കൂടിയപ്പോള്‍ സമീപത്തെ കൈവരികളില്‍ സമ്മര്‍ദമേറി. തകര്‍ന്ന് വീഴുന്നത് മനസിലാക്കി രണ്ട് പേര്‍ ചാടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. നിരവധി പേര്‍ കൈവരിയോടൊപ്പം താഴേക്ക് വീണതായും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish Sum­ma­ry: 1800 peo­ple have reached the 10th vacancy

You may also like this video

Exit mobile version