ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയായിരുന്നു പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി. 10 സ്ഥാനാര്‍ത്ഥികൾ പത്രിക പിൻവലിച്ചു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികളുള്ളത്(14). ഏറ്റവും കുറച്ച് ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതവും സ്ഥാനാര്‍ത്ഥികളുണ്ട്.
ആകെയുള്ള 194 സ്ഥാനാർത്ഥികളിൽ 25 പേർ സ്ത്രീകളാണ്. ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, നാല് പേർ. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് പത്രിക പിൻവലിച്ചത്. അന്തിമ പട്ടിക തയ്യാറായതോടെ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങി.
ലോക്‌സഭാ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർത്ഥികളുടെ എണ്ണം: തിരുവനന്തപുരം 12(പിൻവലിച്ചത് ഒന്ന്), ആറ്റിങ്ങൽ ഏഴ്(0), കൊല്ലം 12(0), പത്തനംതിട്ട എട്ട്(0), മാവേലിക്കര ഒമ്പത്(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി ഏഴ്(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ ഒമ്പത്(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി എട്ട്(0), മലപ്പുറം എട്ട്(2), വയനാട് ഒമ്പത്(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് ഒമ്പത്(0).
English Summary: 194 candidates are contesting in the state
You may also like this video