അടൂരിൽ വീടുപണിക്കായി വെച്ചിരുന്ന ജനൽ കട്ടള വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാർ‑ആര്യ ദമ്പതികളുടെ മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഓമല്ലൂർ കെ.വി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ദ്രുപതിന്റെ ദേഹത്തേക്ക് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജനൽ കട്ടള മറിഞ്ഞുവീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അടൂർ ബൈപ്പാസിൽ ‘സ്‌കൈലൈൻ’ എന്ന സ്ഥാപനം നടത്തുന്ന തനൂജ് കുമാറിന്റെ മകനാണ് ദ്രുപത്. കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അദ്വൈത് സഹോദരനാണ്. സംസ്കാരം നാളെ നടക്കും.

