Site iconSite icon Janayugom Online

2.69 ലക്ഷം കോടി; കേന്ദ്രസര്‍ക്കാരിന് വാരിക്കോരി നല്‍കി ആര്‍ബിഐ

കേന്ദ്രസര്‍ക്കാരിന് റെക്കോഡ് ലാഭവിഹിതം കൈമാറാന്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) തീരുമാനിച്ചു. 2024–25 സാമ്പത്തിക വര്‍ഷം 2.69 ലക്ഷം കോടിയാണ് നല്‍കുന്നത്. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിൽ ചേർന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 616-ാമത് യോഗത്തിലാണ് തീരുമാനം. ആര്‍ബിഐ കേന്ദ്രത്തിന് കൈമാറുന്ന ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. 2,68,590.07 കോടിയാണ് കേന്ദ്രത്തിന് നല്‍കുക. മുന്‍ വര്‍ഷത്തേക്കാള്‍ 27.4 ശതമാനം കൂടുതലാണിത്. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 2.1 ലക്ഷം കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറിയിരുന്നു. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ 87,416 കോടിയുടെ ഇരട്ടിയായിരുന്നു ഇത്. 

ബിമല്‍ ജലാന്‍ തലവനായ വിദഗ്ധസമിതി ശുപാര്‍ശ പ്രകാരം 2019 ഓഗസ്റ്റ് 26ന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സാമ്പത്തിക മൂലധന ചട്ടക്കൂട് (ഇസിഎഫ്) അടിസ്ഥാനത്തിലാണ് കൈമാറേണ്ട തുക തീരുമാനിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വലിയ തോതില്‍ ലാഭവിഹിതം കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കണ്ടിജൻസി റിസ്ക് ബഫർ (സിആര്‍ബി) മുമ്പത്തെ 6.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി ഉയർത്താനും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. അപ്രതീക്ഷിതവും ആകസ്മികവുമായ സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ആര്‍ബിഐ സൂക്ഷിക്കുന്ന പ്രത്യേക ഫണ്ടാണ് സിആര്‍ബി. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ സിആര്‍ബി 6.00 ശതമാനമായും അതിനടുത്ത വര്‍ഷം 6.50 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത് 7.50 ശതമാനമായി വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. 

Exit mobile version