പ്രധാനമന്ത്രി നരേന്ദ്രമോഡി അനാച്ഛാദനം ചെയ്‌ത ശിവജി പ്രതിമ തകര്‍ന്നതിന് പിന്നാലെ അതേ സ്ഥലത്ത് പുതിയ പ്രതിമ പണിയാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാര്‍. പഴയ പ്രതിമയുടെ ഇരട്ടി വലുപ്പമുള്ള പുതിയ പ്രതിമയ്‌ക്ക് ചെലവ് കണക്കാക്കുന്നത് 20 കോടി രൂപയാണ് . സർക്കാർ ഇതിനായി ടെൻഡർ ക്ഷണിച്ചു. സിന്ധുദുര്‍ഗിലെ തകര്‍ന്ന പ്രതിമയുടെ അതേസ്ഥാനത്ത് തന്നെയാകും പുതിയ പ്രതിമ സ്ഥാപിക്കുക. പതിനേഴാം നൂറ്റാണ്ടിലെ മറാത്ത സാമ്രാജ്യ സ്ഥാപകൻ ശിവജിയുടെ 35 അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ വര്‍ഷം നാവിക സേന ദിനമായ ഡിസംബര്‍ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാശ്ഛാദനം ചെയ്‌തത്. സിന്ധുദുര്‍ഗ് ജില്ലയിലെ മല്‍വാന്‍ താലൂക്കിലുള്ള രാജ്‌കോട്ട് കോട്ടയിലായിരുന്നു പ്രതിമ സ്ഥാപിച്ചത്.
എന്നാല്‍ കഴിഞ്ഞ ഓഗസ്‌റ്റ് 26നുണ്ടായ ശക്തമായ കാറ്റിൽ പ്രതിമ തകര്‍ന്നു. ശില്‍പി ജയദീപ് ആപ്‌തയെ പിന്നീട് അറസ്‌റ്റ് ചെയ്‌തിരുന്നു. സര്‍ക്കാര്‍ ധൃതിപിടിച്ചാണ് ശില്‍പ്പ നിര്‍മ്മാണത്തിന് തീരുമാനിച്ചതെന്നും അതാണ് ഗുണനിലവാരം മോശമാകാനും തകര്‍ന്ന് വീഴാനും കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തിയതിന് പിന്നാലെയാണ് പുതിയ പ്രതിമ നിര്‍മ്മാണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ശിവജി പ്രതിമയില്‍ തുരുമ്പ് പിടിച്ചതില്‍ ആശങ്കയറിച്ച് മഹാരാഷ്‌ട്ര പൊതുമരാമത്ത് വകുപ്പ് നാവികസേനയ്ക്ക് കത്ത് നല്‍കി ദിവസങ്ങള്‍ക്കകമാണ് പ്രതിമ തകര്‍ന്ന് വീണത്. പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ശില്‍പ്പം രൂപകല്‍പ്പന ചെയ്‌തതും നിര്‍മ്മിച്ചതും ഇന്ത്യന്‍ നാവികസേനയാണെന്നായിരുന്നു മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വിശദീകരണം. പ്രതിമ തകര്‍ന്നത് 45 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.