Site iconSite icon Janayugom Online

മോഡി ഭയക്കുന്ന 20 മാസങ്ങള്‍

രാനിരിക്കുന്ന ഇരുപത് മാസങ്ങളെ നരേന്ദ്രമോഡിയും സംഘ്പരിവാറും ഭയക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അത്രമേല്‍ നിര്‍ണായകമാണ് അവര്‍ക്ക്. രാജ്യത്തെ രാഷ്ട്രീയസ്ഥിതിഗതികള്‍ കൊണ്ടുപോകുന്നതും ഭരണവര്‍ഗത്തെ ഭയപ്പാടിന്റെ ഉള്‍വനത്തിലേക്കാണ്. രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിലൂടെ ഗോത്രവര്‍ഗത്തെയും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ജഗദീപ് ധന്‍ഖറിലൂടെ ജാട്ട് വിഭാഗത്തെയും ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നത് 2024നെ ലക്ഷ്യംവച്ചാണ്. വോട്ടുബാങ്ക് മുന്നില്‍ക്കണ്ടുള്ള മഴവില്‍ സംഖ്യം തന്നെ ഒരുപക്ഷെ രൂപപ്പെട്ടേക്കാം. അക്കാര്യത്തില്‍ ഹിന്ദുത്വത്തിന്റെ മുസ്‌ലിം വിരുദ്ധതയും അയിത്തവും കാണാനാവില്ല. മുസ്‌ലിം വിഭാഗത്തിലെ സമ്പന്നരും ഉന്നതകുലജാതരുമെല്ലാം സംഘ്പരിവാറിന്റെ ബ്രാഹ്മണ മേല്ക്കോയ്മയുടെ പുറംതോടായി നിലകൊണ്ടാല്‍പ്പോലും അതിശയിക്കാനാവില്ല.
പശ്മിന്ദ മുസ്‌ലിം മഹാജ് പോലുള്ള സംവിധാനങ്ങളിലൂടെ മോഡിയുടെ രാഷ്ട്രീയമുഖം ഈ വിഭാഗത്തെ വശീകരിക്കുന്നത് കാണാതെപോകരുത്. ഇന്ത്യയിലെ പിന്നാക്കക്കാരും അധഃസ്ഥിതരുമായ മുസ്‌ലിങ്ങളുടെ ഉന്നമനത്തിനായി രൂപീകരിച്ച പ്രസ്ഥാനമാണ് പശ്മിന്ദ മുസ്‌ലിം മഹാജ്. രാജ്യത്തുടനീളം ഹിന്ദുത്വവാദികളായ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബിജെപി സര്‍ക്കാരുകളുടെ പിന്‍ബലത്താല്‍ മതന്യൂനപക്ഷങ്ങളെ ദ്രോഹിക്കുമ്പോഴാണിത്. അലി അന്‍വര്‍ 1998ല്‍ പട്ന ആസ്ഥാനമായി സംഘടന രൂപീകരിക്കുമ്പോള്‍ നിലനിന്നിരുന്ന സമാനസ്ഥിതിയാണിന്നും. അടിച്ചമര്‍ത്തലിന്റെയും അടിമത്തത്തിന്റെയും സഹനനാളുകളായിരുന്നു അക്കാലത്ത് പിന്നാക്ക മേഖലയില്‍പ്പെട്ട മുസ്‌ലിങ്ങളുടേത്. വ്യക്തിനിയമം, സംവരണം, തെരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങി എല്ലാവിഷയങ്ങളിലും ദളിത്, പിന്നാക്ക മുസ്‌ലിങ്ങളാണ് ശാരീരികമായിപ്പോലും അന്ന് ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിരുന്നത്. ഗ്രാമങ്ങളെ അടക്കിഭരിച്ച ഉദ്യോഗസ്ഥപ്രഭുക്കളുടെ ഈ ക്രൂരതകള്‍ക്കെതിരെ ശബ്ദിക്കാന്‍പോലും ആരുമില്ലായിരുന്നു അക്കാലത്ത്. അതിനെതിരെ പൊരുതുക പോലും അസാധ്യമായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയോ ആക്ഷേപമോ ഉന്നയിച്ചാല്‍ നിയമനടപടികളില്‍ കുരുക്കുകയും ശാരീരികമായി ആക്രമിക്കുകയുമാണ് പതിവ്. മരിച്ചാല്‍ മറവുചെയ്യുന്നതുപോലും സമുദായവും സാമ്പത്തികവും നോക്കിയായിരുന്നു. ജീവന്‍ ഭയന്ന് പലരും ഹിന്ദുമതത്തിലേക്ക് മാറുകയായിരുന്നു.

ആ പശ്മിന്ദ മുസ്‌ലിങ്ങള്‍ക്കുവേണ്ടി ഇന്ന് നരേന്ദ്രമോഡിയും സംഘ്പരിവാര്‍ ഭരണകൂടവും അവരുടെ സ്തുതിപാഠകരായ ഉദ്യോഗസ്ഥരും അകമഴിഞ്ഞ് സഹായിക്കാനിറങ്ങുന്നത് 2024 എന്ന പേടിസ്വപ്നം കണ്ടുകൊണ്ടുതന്നെയാണ്. പിന്മുറക്കാരുടെ ത്യാഗത്തെ വിസ്മരിച്ചായിരിക്കില്ല ഇന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പിന്നാക്ക മുസ്‌ലിം വിഭാഗങ്ങള്‍ സര്‍ക്കാരിന്റെ ഇച്ഛയ്ക്ക് കീഴ്പ്പെടുന്നത്. അന്ന് ഉദ്യോഗസ്ഥരും ജന്മിത്തമ്പുരാക്കന്മാരും ആയിരുന്നുവെങ്കില്‍ ഇന്ന് ചുറ്റിലും സംഘ്പരിവാര്‍ ഹിന്ദുത്വ ഭ്രാന്തരാണ്.
2002ലെ ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെന്ന ആരോപണം ഏറ്റുവാങ്ങേണ്ടിവരികയും പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്കരികിലിരുന്ന് രാജ്യധര്‍മ്മം ഉപദേശിക്കുകയും ചെയ്ത സാക്ഷാല്‍ നരേന്ദ്രമോഡി പിന്നാക്ക മുസ്‍‌ലിങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ ശുഷ്കാന്തി കാണിക്കുന്നത് ഭയത്തോടെ വേണം നോക്കിക്കാണാന്‍. ഗുജറാത്തിലെ കലാപനാളുകളില്‍ മോഡി സ്വപ്നം കണ്ടത് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേരയായിരുന്നു. സൈക്കോ അനലിസ്റ്റിനുള്ള വിഷയം എന്നായിരുന്നു അക്കാലത്ത് രാഷ്ട്രീയ നിരീക്ഷകര്‍ പലരും മോഡിയുടെ പ്രകടനങ്ങളെ വീക്ഷിച്ചുകൊണ്ട് പറഞ്ഞത്. അന്നവര്‍ നിരീക്ഷിച്ചതും പ്രസ്താവിച്ചതും അച്ചട്ടായി.


ഇതുകൂടി വായിക്കൂ: മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു


അതേ മോഡി ഇന്നും അടുത്തലക്ഷ്യത്തിനായി കരുക്കള്‍ നീക്കുന്നു. കൊന്നൊടുക്കപ്പെടുവാന്‍ ശത്രുക്കളുടെ പട്ടിക നെടുനീളെ മുന്നിലുണ്ട്. പലരെയും ഇതിനകം ഭരണവും സംഘബലവും ഉപയോഗിച്ച് ഇല്ലാതാക്കിക്കഴിഞ്ഞു. അന്നന്നത്തെ അന്നത്തിനായി തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങി, കര്‍ഷകരും കച്ചവടക്കാരുമടക്കം പച്ചമനുഷ്യരെ ആള്‍ക്കൂട്ടമായെത്തി തല്ലിക്കൊല്ലുന്ന കാഴ്ച നിത്യമാണ്. പൊരുതി നേടിയ അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതിനെ ചോദ്യം ചെയ്യുന്നവരെല്ലാം ആ പട്ടികയുടെ ഒന്നാംപുറത്തുണ്ട്. രാഷ്ട്രീയ നെറികേടിനെയും ജനാധിപത്യധ്വംസനത്തെയും ഭരണഘടനാവിരുദ്ധതയെയും തുറന്നുകാട്ടുന്നവര്‍ക്കായി ഇരുമ്പഴികളൊരുക്കുന്നു. നീതി മാത്രമല്ല, വായുവും ജലവും മരുന്നും നിഷേധിച്ച് അവരെ തുറങ്കലുകളില്‍ ജീവച്ഛവമാക്കി രസിക്കുകയാണ് മോഡിക്കൂട്ടം. ഇതിനൊപ്പമാണ് 2024ലെ തെരഞ്ഞെടുപ്പിലും ഏതുവിധേനയും അധികാരം നിലനിര്‍ത്താനുള്ള താല്ക്കാലിക തന്ത്രങ്ങള്‍ മെനയുന്നത്. ഇവിടെ മുര്‍മുവും ധന്‍ഖറും സംഘ്പരിവാര്‍ വലയത്തില്‍ വെറും പ്രതീകങ്ങളായിരിക്കുമെന്ന നിരീക്ഷണങ്ങളെ രാഷ്ട്രീയ ആക്ഷേപമായി ചുരുക്കാനാവില്ല. അഞ്ച് വര്‍ഷത്തിനപ്പുറം മുര്‍മുവിനുശേഷം ധന്‍ഖറായിരിക്കും രാഷ്ട്രപതിയെന്ന പ്രചാരണം പോലും ജാട്ടുകള്‍ക്കിടയില്‍ മോഡി ക്യാമ്പ് കെട്ടഴിച്ചിട്ടുതുടങ്ങി.
സ്വേച്ഛാധിപത്യത്തിന്റെ പൂര്‍ണസംതൃപ്തിയാണ് മോഡിയെ നയിക്കുന്നത്. ഇന്നനുഭവിക്കുന്നതിന്റെ പതിന്മടങ്ങാണത്. അതില്‍നിന്നൊരു തിരിച്ചുപോക്ക് മോഡിയെ സംബന്ധിച്ചിടത്തോളം ചിന്തയുടെ ഏഴയലത്തുപോലുമില്ല. എന്നാല്‍, ചെയ്തുകൂട്ടുന്നതിനെയെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഹിന്ദുക്കളില്‍ വലിയൊരുവിഭാഗം തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ഭീതി സംഘ്പരിവാറിനും മോഡിക്കും ഉണ്ട്. പ്രത്യേകിച്ച് ബിജെപി ഭരണം നിര്‍വഹിക്കുന്ന സംസ്ഥാനങ്ങളിലെ എതിര്‍പ്പുകള്‍ ശക്തിപ്രാപിക്കുന്ന സന്ദര്‍ഭത്തില്‍.
കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളില്‍ ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ നേതൃത്വത്തിന് തലവേദനയാണ്. ഗുജറാത്തിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് ആക്രമണങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. ഇവിടെയും ബിജെപി സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കുന്നുവെന്നാണ് പാര്‍ട്ടിയില്‍നിന്നുള്ള ആരോപണം. കേന്ദ്ര സര്‍ക്കാരിനുപോലും മറുപടിയില്ലാത്ത സ്ഥിതി. കോണ്‍ഗ്രസ് ആയിരുന്നു കര്‍ണാടക ഭരിക്കുന്നതെങ്കില്‍ രണ്ട് കല്ലെങ്കിലും എറിയാമായിരുന്നു എന്ന് പാര്‍ട്ടി യുവജന നേതാവ് പ്രതികരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് കന്നഡ നാട്ടില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ‘യോഗി മോഡല്‍’ നടപ്പാക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന. ആവശ്യമെങ്കില്‍ ‘യോഗി മാതൃക’യേക്കാള്‍ കര്‍ശനമായ എന്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.


ഇതുകൂടി വായിക്കൂ: പ്രതിമകളിൽ പ്രചരിക്കുന്ന വിദ്വേഷ രാഷ്ട്രീയം


രണ്ടര്‍ത്ഥത്തിലാണ് ബൊമ്മെയുടെ പ്രസ്താവനയെ സംഘ്പരിവാറും രാജ്യവും ചര്‍ച്ചചെയ്യുന്നത്. യുപിയില്‍ ജനങ്ങളെ ശത്രുക്കളായി കണ്ടാണ് ആദിത്യനാഥ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഭരണം നിര്‍വഹിക്കുന്നത്. മറ്റു രീതിയിലുള്ള അടിച്ചമര്‍ത്തലുകളും സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പില്‍ അവിടെ നടക്കുന്നു. അത്തരമൊരു രീതി കര്‍ണാടകയിലും പ്രാവര്‍ത്തികമാക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പാര്‍ട്ടിക്കിടയില്‍ വ്യാപക ചര്‍ച്ചയാണ്. അതിന്റെ ചൂടുനില്‍ക്കേയാണ് വര്‍ഗീയ കലാപങ്ങള്‍ തടയാന്‍ പൊലീസ് ഏറ്റുമുട്ടല്‍ കൊലകള്‍ നടത്തണമെന്ന് സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപി നേതാവ് കൂടിയായ സി അശ്വന്ത് നാരായണനാണ് വിവാദ പ്രസ്താവന നടത്തിയത്. വരുംദിവസങ്ങളിലെങ്കിലും കൊലപാതങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഭയപ്പെടുത്തുന്ന തരത്തില്‍ നടപടിയെടുക്കണമെന്നാണ് പൊലീസിനോടുള്ള മന്ത്രിയുടെ ആഹ്വാനം.
പാര്‍ട്ടിയിലും സംഘ്പരിവാര്‍ സംഘടനകളിലാകെയും ഇത്തരം തീവ്രമുസ്‌ലിം വിരുദ്ധരും ഹിന്ദുത്വവാദികളും നടത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും മോഡിയുടെ പേടിസ്വപ്നങ്ങളാവുകയാണ്. ഇതെല്ലാം വോട്ടുബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലുകളാണ് നരേന്ദ്രമോഡിയുടെ ഉപദേശകരും സര്‍വെ സംഘങ്ങളും നല്‍കുന്ന സൂചനകള്‍. അതിനെ ഇപ്പോഴത്തെ നിലയില്‍ നിയന്ത്രിക്കുന്നത് സംഘടനാപരമായ ദോഷമുണ്ടാക്കും. ഇവര്‍ക്ക് പച്ചക്കൊടി കാണിക്കുന്നതിനൊപ്പം പുതിയ വോട്ടുബാങ്കുകളില്‍ ശ്രദ്ധപതിപ്പിക്കുക തന്നെയാണ് ഉചിതമെന്ന ഈ സംഘങ്ങളുടെ മുന്നറിയിപ്പിലാണ് മോഡിയുടെ കണ്ണുംകാതും.

Exit mobile version