17 April 2024, Wednesday

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…

വാതിൽപ്പഴുതിലൂടെ
ദേവിക
July 25, 2022 5:15 am

ചില ഗാനങ്ങള്‍ കാലാതിവര്‍ത്തികളാകാറുണ്ട്. സ്ഥലവും കാലവും തമ്മില്‍ സംശയിക്കുന്ന സ്ഥലകാല വിളംബിതവുമാകാറുണ്ട്. അത്തരമൊന്നാണ് അനശ്വരനായ വയലാറിന്റെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനം. ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദെെവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദെെവങ്ങളും കൂടി മണ്ണു പങ്കുവച്ചു. മനസു പങ്കുവച്ചു’ എന്ന ആ ഗാനത്തിന് വ്യഴാഴ്ച അന്‍പതു വയസു തികഞ്ഞു. കെ ടി മുഹമ്മദിന്റെ രചനയില്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ രചിച്ച ഗാനം. ഈ ഗാനത്തിന് അര നൂറ്റാണ്ട് പ്രായമായ അന്നുതന്നെയായിരുന്നു നമ്മുടെ രാഷ്ട്രപതി തെരഞ്ഞെടുപ്പും. ഈ തെരഞ്ഞെടുപ്പിലാകട്ടെ മതമല്ല ജാതിയായിരുന്നു തെരഞ്ഞെടുപ്പു വിഷയം രാഷ്ട്രീയ പോരാട്ടത്തെ ജാതിപ്പോരായി മാറ്റിയെടുക്കാന്‍ മോഡി-അമിത്ഷാ ദ്വയം സമര്‍ത്ഥമായി കളിച്ച കളി. തെരഞ്ഞെടുപ്പില്‍ ജയിച്ച ദ്രൗപതി മുര്‍മു ഇന്ന് രാഷ്ട്രപതിഭവന്റെ പടവുകള്‍ കയറുമ്പോള്‍ നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പടിയിറങ്ങി. ദളിതനായ രാഷ്ട്രപതിക്കു പകരം സന്താള്‍ ഗോത്രവര്‍ഗക്കാരിയായ ആദ്യ വനിത രാഷ്ട്രപതിയാവുന്നുവെന്ന് സംഘ്പരിവാറിന്റെ തമ്പേറടി. രാഷ്ട്രപതിമാരായി ദളിതനും ആദിവാസിയും വാഴുന്നുവെന്ന വിജയഭേരി. മനുഷ്യനാണ് രാഷ്ട്രപതിയാവുന്നതെന്ന് ഒരിക്കലും പറയാതെയുള്ള മനുവാദതന്ത്രം.


ഇതുകൂടി വായിക്കൂ: ആരേയും ഭാവ ഗായകനാക്കിയ കാവ്യഗന്ധര്‍വന്‍— ഒഎന്‍വി എന്ന ത്രയാക്ഷരം


മോഡി ഭരണത്തിന്‍ കീഴില്‍ രാഷ്ട്രപതിമാര്‍ സംഘ്പരിവാറിന്റെ കളിപ്പാവകളായപ്പോള്‍ അവരെ ദളിത‑വനവാസി ചാപ്പകുത്തി നോക്കുകുത്തികളാക്കുക മാത്രമാണ് ചെയ്യുന്നത്. ദളിതനായ കഴിഞ്ഞ രാഷ്ട്രപതിയുടെ പാവവാഴ്ചക്കാലത്ത് രാജ്യത്തുടനീളം ഇരുപത്തിമൂവായിരത്തോളം ദളിതുകളെയാണ് സവര്‍ണഹിന്ദുക്കള്‍ അരുംകൊല ചെയ്തത്. നാലായിരത്തോളം ആദിവാസികളെയും കൊലക്കത്തിക്കിരയാക്കി സവര്‍ണര്‍ ആനന്ദനൃത്തമാടി. വനവാസികളുടെ സ്വത്താണ് വനങ്ങളെന്ന വനാവകാശ നിയമം കോര്‍പ്പറേറ്റുകള്‍ക്കു കാടുകള്‍ പതിച്ചുനല്കാന്‍ വേണ്ടി ഭേദഗതി ചെയ്യാന്‍ പോകുന്നു. അവരെ ഉള്‍ക്കാടുകളിലേക്ക് അടിച്ചോടിക്കുന്നു. എതിര്‍ക്കുന്നവരെ അരിഞ്ഞുവിഴ്ത്തുന്നു. തന്റെ കാലത്താണ് സ്വാതന്ത്ര്യാനന്തരം ഏറ്റവുമധികം ദളിത‑ഗോത്രവര്‍ഗഹത്യകള്‍ നടന്നതെങ്കിലും എന്തേയിങ്ങനെ എന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ റെയ്സിന കുന്നുകളിലെ ശീതളിമയില്‍ കുംഭകര്‍ണ സേവയിലായിരുന്നു നമ്മുടെ ബഹു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രഥമ പൗരനെങ്കിലും അധഃകൃതനായ ദളിതന്‍ തന്നെയായിരുന്നു അദ്ദേഹം.
ഒരിക്കല്‍ രാംനാഥ് കോവിന്ദിനെ ക്ഷേത്രത്തില്‍ കയറുന്നതിനുപോലും വിലക്കേര്‍പ്പെടുത്തിയത് സവര്‍ണ സംഘ്പരിവാറുകാരായിരുന്നു. അയോധ്യയിലെ രാമജന്മക്ഷേത്രത്തിന് ശിലാന്യാസം നടത്തിയപ്പോള്‍ ദളിതനായ രാംനാഥ് കോവിന്ദിനെ നാലയലത്ത് അടുപ്പിച്ചില്ല. പൂജാകര്‍മ്മങ്ങള്‍ നടത്തിയ 108 സന്യാസിമാരില്‍ ഒരൊറ്റ ദളിതനോ ആദിവാസിയോ ഉണ്ടായിരുന്നില്ല. ദ്രൗപദി മുര്‍മു രാഷ്ട്രപതിക്കസേരയിലേറുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകാനേ വഴിയുള്ളു. കാരണം മുര്‍മു വെറുമൊരു വനവാസിയല്ലേ!
ഇതൊക്കെ അങ്ങ് സംഘ്പരിവാര്‍ കോട്ടകൊത്തളങ്ങളിലെ കാര്യങ്ങളാണെന്നു കരുതാം. പക്ഷെ നമ്മുടെ പ്രബുദ്ധ സാംസ്കാരിക കേരളത്തില്‍ ഇത്തരം അനുഭവങ്ങളുണ്ടായാലോ. പാലക്കാട് കരിമ്പയില്‍ ബസ് കാത്തുനിന്ന കുട്ടികള്‍ ലെയിസും മറ്റും വാങ്ങി പങ്കുവച്ചു കൊറിക്കുന്നതിനിടെ ഒരുപറ്റം സദാചാരഗുണ്ടകള്‍ പറന്നെത്തി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മൃഗീയമായി തല്ലിച്ചതച്ച് ഈഞ്ചപ്പരുവമാക്കുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സംഭവിച്ചതും സമാന സംഭവം. വെയിറ്റിങ് ഷെഡിലെ നീളത്തിലുള്ള ബഞ്ചിലിരുന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചതായിരുന്നു സദാചാര ലംഘനം. അടുത്തുള്ള പ്രസിദ്ധമായ പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം അശുദ്ധമാകുമെന്നും വിദ്യാര്‍ത്ഥികള്‍ അടുത്തിരുന്നു സൊള്ളുന്നത് തങ്ങളുടെ കുട്ടികള്‍ കണ്ടുപഠിക്കുമെന്നും പറഞ്ഞ് ചില സദാചാര തങ്കക്കുടങ്ങള്‍ കരിമ്പയിലെപ്പോലെ മര്‍ദ്ദനത്തിനൊന്നും പോയില്ല. നീളന്‍ ബഞ്ച് വെട്ടിമുറിച്ച് ഓരോരുത്തര്‍ക്കു മാത്രം ഇരിക്കാവുന്ന പാകത്തിലാക്കി. വിദ്യാര്‍ത്ഥികളുണ്ടോ വിടുന്നു. അവര്‍ വെട്ടിമുറിച്ച കസേര രൂപത്തിലാക്കിയ ഇരിപ്പിടങ്ങളില്‍ ഒരാളിന്റെ മടിയില്‍ രണ്ടും മൂന്നുപേരുമിരുന്നു പ്രതിഷേധിച്ചു; ലിംഗസമത്വത്തിന്റെ വെട്ടിമുറിക്കലിനെതിരെ. ഈ സംഭവങ്ങള്‍ നമ്മുടെ സംസ്കാരത്തിനും പ്രബുദ്ധതയ്ക്കും നേരെയുള്ള കത്തിയോങ്ങലല്ലേ. മുളയിലേ നുള്ളിയില്ലെങ്കില്‍ നമ്മുടെ നാട്ടിലെ സദാചാര ഗുണ്ടകള്‍ കാത്തിരിപ്പു കേന്ദ്രങ്ങളെ നിരോധിത മേഖലകളായി പ്രഖ്യാപിച്ചുകളയും.


ഇതുകൂടി വായിക്കൂ: മരണം തോൽക്കുന്ന ജീവിതം


മോഡിയുടെ കയ്യില്‍ മാന്ത്രികദണ്ഡുണ്ട് എന്ന് ബിജെപിക്കാര്‍ പറയുന്നത് അച്ചട്ടായില്ലേ. ബിഹാറിനേയും യുപിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് ഹെെവേ ഒരാഴ്ച മുമ്പ് മോഡി ഉദ്ഘാടനം ചെയ്തു. ചെലവ് 15000 കോടിയോളം. എന്തൊക്കെയായിരുന്നു ഉദ്ഘാടന മാമാങ്കത്തിലെ ബഹളം. ചെണ്ടമേളം, പഞ്ചാരിമേളം, ബാന്‍ഡുവാദ്യം അങ്ങിനെയങ്ങനെ. പാതയെ ആകെ കാവി പുതപ്പിച്ചു. മാന്ത്രികദണ്ഡു വീശി പ്രധാന്‍മന്ത്രി സഡക് യോജനയുടെ പാത ഉദ്ഘാടനം. അതുകഴിഞ്ഞപ്പോള്‍ മഴപെയ്തു. മഴ ശുഭസൂചനയെന്നു മൊഴിഞ്ഞ് മോഡി വീടുപറ്റി. തുടര്‍ന്ന് മഴ കനത്തു. ബ്രാന്‍ഡ് ന്യൂ എക്സ്പ്രസ് ഹെെവേ തകര്‍ന്ന് നേരെ പാതാളത്തിലേക്ക്. മാന്ത്രികദണ്ഡുകൊണ്ടുള്ള ഉദ്ഘാടനം എങ്ങനെയുണ്ട്. ഉദ്ഘാടകന്റെ കുഴപ്പമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുകൊണ്ടാകാം കര്‍ണാടക ജില്ലയിലെ ഗദശ് ഗ്രാമീണവാസികള്‍ ഉദ്ഘാടകനായി സ്ഥലം എംഎല്‍എ വേണ്ടെന്നു വച്ചത്. നാല്പതു വര്‍ഷം മുമ്പ് നിര്‍മ്മിച്ച, തകര്‍ന്ന ബസ് സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ എംഎല്‍എയുടെ പിന്നാലെ നടന്നു കെഞ്ചി. ഗത്യന്തരമില്ലാതെ നാട്ടുകാര്‍ തന്നെ ഒരു താല്ക്കാലിക ബസ്‌ സ്റ്റോപ്പ് പണിതു. ഉദ്ഘാടനം നിര്‍വഹിച്ചത് ഒരു പോത്തിനെക്കൊണ്ട്. പോത്തിന്റെ ആസനത്തില്‍ ഭൂപാളരാഗത്തില്‍ കിന്നരം വായിക്കരുതെന്ന ചൊല്ല് എംഎല്‍എയെ ഓര്‍മ്മിപ്പിച്ച ആ ഉദ്ഘാടനത്തിന് എന്തൊരു പ്രതീകഭംഗിയായിരുന്നു.
മോഡിയുടെ പ്രിയങ്കരിയായ കേന്ദ്രമന്ത്രിയാണ് സ്മൃതി ഇറാനി, സിനിമയിലും സീരിയലിലുമെല്ലാം പയറ്റി നോക്കി. മോഡലായി. എല്ലാം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ കേന്ദ്രമന്ത്രിയായി. കേന്ദ്രമന്ത്രിയായിട്ടും സ്മൃതിക്ക് റേഷന്‍ വാങ്ങാന്‍ കാശില്ല. അധികവരുമാനത്തിന് ഒരു സെെഡ് ബിസിനസ് വേണ്ടേ. മകളുടെ പേരില്‍ ഗോവയില്‍ ഒരു ആഡംബര നക്ഷത്ര ബാര്‍ ഹോട്ടല്‍ തുടങ്ങി. ഇന്ത്യന്‍, യൂറോപ്യന്‍, ചെെനീസ്, കോണ്ടിനന്റല്‍ വിഭവങ്ങളാല്‍ സമൃദ്ധം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ലോകോത്തര മദ്യങ്ങള്‍. ബാറിന്റെ ലെെസന്‍സാകട്ടെ സ്മൃതി മാന്ത്രികവടി വീശി സമ്പാദിച്ചതും. പണ്ടെങ്ങോ മരിച്ചയാളുടെ പേരിലുള്ള ലെെസന്‍സും. ഹോട്ടലിനെക്കുറിച്ചും ഉടമയായ സ്മൃതിപുത്രിയെക്കുറിച്ചും മാധ്യമങ്ങളില്‍ പരസ്യപ്രപഞ്ചം. എല്ലാം പുറത്തായപ്പോള്‍ സ്മൃതി ചോദിക്കുന്നു, ഏതു ഹോട്ടല്‍ ഏതു ബാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.