കേരള സർക്കാർ പ്രഖ്യാപിച്ച രണ്ടാം നൂറ് ദിന പരിപാടിയില്‍ റവന്യു, സര്‍വ്വേ ഭവനനിര്‍മാണ വകുപ്പ് നടപ്പിലാക്കുന്നത് 200 പദ്ധതികളെന്ന് റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. ഭൂരഹിതരായവർക്ക് പട്ടയം നൽകുന്നതിനാണ് കൂടുതൽ ഊന്നൽ നൽകുക.
രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഭൂരഹിതരായ 50,000 ൽ അധികംപേർ ഇതോടെ ഭൂമികളുടെ അവകാശികളായി മാറുമെന്നും എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ 1,666 വില്ലേജിലും എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച പുതുതായി രൂപം നൽകിയ ഒൻപത് അംഗങ്ങളുള്ള വില്ലേജ് തല ജനകീയ സമിതി യോഗം ചേരും. സമയബന്ധിതമായി റവന്യു വകുപ്പിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുക, നെല്‍വയലുകള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ഡിജിറ്റല്‍ റീ സര്‍വ്വേയുടെ പ്രവര്‍ത്തനം ഏപ്രില്‍ അവസാനത്തോടെ ആരംഭിക്കും. ഇതിനായി 3,500 ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കും. ഇത് വഴി 42 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. റവന്യു വകുപ്പിന്റ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 475 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജ് ആക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മെയ് 20ന് മുൻപ് 75 സ്മാർട്ട് വില്ലേജുകളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ആദ്യമായി രാജ്യശ്രദ്ധ നേടിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ നാഷണല്‍ ഹൗസ് പാര്‍ക്ക് എന്ന ആശയത്തിന് രൂപം നൽകും. ആധുനിക കെട്ടിട നിർമ്മാണ സാങ്കേതി വിദ്യയും കെട്ടിട നിർമ്മാണ സാമഗ്രികകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസഹായം കൂടി ലഭ്യമാക്കിയുള്ള നാഷണൽ ഹൗസ് പാർക്ക് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് തറക്കല്ലിടും.
കേരളത്തില്‍ ഭവന നയം പ്രഖ്യാപിക്കുകയും രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ ചെലവുകളിലുള്ള വീടുകള്‍ ഒരുപോലെ പ്രദര്‍ശനത്തിന് വെക്കാന്‍ കഴിയുന്ന ആറ് ഏക്കര്‍ വരുന്ന ഭൂമി ഇതിനു വേണ്ടി തയ്യാറാക്കും. കൃഷി വകുപ്പും റവന്യു വകപ്പും സഹകരിച്ച് നെൽവയൽ സംരക്ഷണം നടപ്പാക്കും. ഇതിന്മേലുള്ള അപേക്ഷകൾ തീർപ്പാക്കാൻ 31 കോടി രൂപ ചെവലഴിച്ച് സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ നടപ്പാക്കും.
ഐഎൽഡിഎമ്മിനെ സെന്റർ ഓഫ് എക്സലൻസാക്കി ആക്കുന്നതിന്റെ ഭാഗമായി ദുരന്ത നിവാരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിവിധ എംബിഎ കോഴ്സുകൾ ആരംഭിക്കും. റവന്യൂ ഇൻഫർമേഷൻ ബ്യൂറോയും, റവന്യൂ വകുപ്പിന്റെ യൂട്യൂബ് ചാനലും, റവന്യൂ ജേണലും ഈ കാലയളവിൽ ആരംഭിക്കും.
എം എൻ ലക്ഷം വീട് പദ്ധതിയിൽ അനുവദിക്കപ്പെട്ട വീടുകളിൽ നിലവിൽ 3,520 വീടുകൾ ഇരട്ട വീടുകളാണ്. ഇവയെ 7,040 ഒറ്റ വീടുകളായി പരിവർത്തനപ്പെടുത്തും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം പദ്ധതിയുടെ 50-ാം വാർഷിക ദിനത്തിൽ മെയ് 14 ന് തൃശൂരിൽ മുഖ്യമന്ത്രി നിർവ്വഹിക്കും.
ദുരന്ത വിശകലന വിദഗ്ദരുടെ അഭിപ്രായത്തിൽ മൾട്ടി ഹസാർഡ് സോണിൽ ഉൾപ്പെട്ടു വരുന്ന സംസ്ഥാനമാണ് കേരളം. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളേയും, മനുഷ്യ നിർമ്മിത ദുരന്തങ്ങളേയും അഭിമുഖീകരിക്കേണ്ടതിനു കേരളത്തെ സജ്ജമാക്കുന്നതിനായി കേരളത്തിൽ ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടപ്പിലാക്കും. ഇതിലൂടെ കേരളത്തെ സമ്പൂർണ്ണ ദുരന്ത പ്രതികരണ ലക്ഷ്യം കൈവരിച്ച സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
english summary;200 projects in 100 days to the Revenue Department
you may also like this video;